അവാർഡ് തിളക്കത്തിൽ നാട്ടകം സ്കൂൾ : ജില്ലയിലെ മികച്ച എൻ.എസ്.എസ്. യൂണിറ്റ് 

കോട്ടയം : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻ്ററി വൊക്കേഷണൽ വിഭാഗത്തിൽ ജില്ലയിലെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റായി നാട്ടകം ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂളിനെ തെരഞ്ഞെടുത്തു. ഒക്ടോബർ അവസാനവാരത്തിൽ തിരുവനന്തപുരത്ത്  ചേരുന്ന സംസ്ഥാനതല ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി പുരസ്കാരം കൈമാറും. 

Advertisements

2023 – 24 വർഷത്തിൽ സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മികവുറ്റ പ്രവർത്തനങ്ങളാണ് സ്കൂളിന് ഈ അംഗീകാരം നേടിക്കൊടുത്തത്. സമൂഹത്തിന് ഭക്ഷ്യ സുരക്ഷാ ബോധവൽക്കരണം നൽകുക എന്നത് പ്രത്യേക പ്രോജക്ടായി തെരഞ്ഞെടുത്തു കൊണ്ട് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഭവനങ്ങളിൽ സ്വയം പരിശോധിക്കുന്നതിനും പാൽ, മത്സ്യം, മാംസം, ധാന്യങ്ങൾ, പൊടികൾ എന്നിവയിൽ മായം ചേർത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചറിയുന്നതിനുമുള്ള പരിശീലനം എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂളിന് സമീപത്തെ ഭവനങ്ങളിൽ സംഘടിപ്പിച്ചു. കൂടാതെ ഇതിന് സഹായിക്കുന്ന ലഘുലേഖ വോളണ്ടിയേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിലെ പ്രിന്റിങ് ടെക്നോളജി ലാബിൽ ഡിസൈൻ ചെയ്ത് അച്ചടിച്ച് വിതരണം ചെയ്യുകയും ചെയ്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷൻ, കോട്ടയം നഗരസഭ എന്നിവയുമായി സഹകരിച്ച് മാലിന്യ കൂമ്പാരമായിരുന്ന പൊതുസ്ഥലങ്ങൾ ശുചീകരിച്ച് സ്നേഹാരാമങ്ങൾ തീർത്തു. തെരുവിലെ അശരണർക്ക് ഭക്ഷണപ്പൊതി വിതരണം ചെയ്യുക, എണ്ണപ്പലഹാരങ്ങൾ അച്ചടി മക്ഷിപുരണ്ട പത്രക്കടലാസുകളിൽ പൊതിഞ്ഞു നൽകുന്നത് കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകും എന്ന സന്ദേശം പൊതുസമൂഹത്തിലെത്തിക്കുന്നതിൻ്റെ ഭാഗമായി തട്ടുകടകളിൽ ബോധവൽക്കരണം നടത്തുകയും എണ്ണ പലഹാരങ്ങൾ ഇനി പത്രക്കടലാസുകളിൽ പൊതിഞ്ഞു നൽകുകയില്ല എന്ന് തീരുമാനമെടുത്ത കടയുടമകളെ അഭിനന്ദിച്ചുകൊണ്ട് കടകൾക്കു മുമ്പിൽ പോസ്റ്റർ പതിക്കുകയും കടയുടമകൾക്ക് സ്നേഹ സമ്മാനങ്ങൾ കൈമാറുകയും ചെയ്ത പ്രവർത്തനങ്ങൾ ഏറെ ജനശ്രദ്ധ ആകർഷിച്ചു. പാലിയേറ്റീവ് രോഗികൾക്ക് സഹായമെത്തിക്കൽ, സഹചാരി എന്ന പേരിൽ ഭിന്നശേഷിക്കാരായ സഹോദരങ്ങളെയും അനാഥാലയത്തിലെ അന്തേവാസികളെയും ഹൃദയത്തോട് ചേർത്തു പിടിക്കുന്ന നിരവധി പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കുകയുണ്ടായി. 

പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, മിതം എന്ന പേരിൽ എനർജി മാനേജ്മെൻറ് കേരളയുമായി സഹകരിച്ച് സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, എക്സൈസ് വകുപ്പുമായി ചേർന്ന് നടപ്പാക്കിയ രഹിത ലഹരി, വർജ്ജ്യസഭ എന്നീ പ്രവർത്തനങ്ങൾ, ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ആരോഗ്യവകുപ്പുമായി സഹകരിച്ച്  ദൃഢഗാത്രമെന്ന പേരിൽ സംഘടിപ്പിച്ച സൗജന്യ ജീവിതശൈലി രോഗനിർണയ ക്യാമ്പ്, വനിതാ ശിശു വികസന വകുപ്പുമായി സഹകരിച്ച് സമം ശ്രേഷ്ഠമെന്ന പേരിൽ സംഘടിപ്പിച്ച  ജെൻഡർ ഇക്വാലിറ്റി ഓഡിറ്റ്, ജെൻഡർ പാർലമെൻറ് എന്നിവയും യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ചില പ്രധാന പ്രവർത്തനങ്ങളാണ്. കൂടാതെ രക്ഷിതം എന്ന പേരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ യൂണിറ്റിലെ മുഴുവൻ വോളണ്ടിയർമാർക്കും ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനവും ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റീവ് കെയറുമായി സഹകരിച്ച് വന്ദ്യം വയോജനം എന്ന പേരിൽ വയോജന പരിപാലന പരിശീലനവും നൽകുകയുമുണ്ടായി.  നാട്ടകം ഗവൺമെൻറ് എൽ. പി. സ്കൂളിലെ കുഞ്ഞുമക്കളുടെ പഠനബോധന പ്രവർത്തനങ്ങൾ സർഗാത്മകമാക്കുന്നതിന് സഹായകമായ രീതിയിൽ അവരുടെ തന്നെ ക്ലാസ് ഗ്രൂപ്പിൻ്റെ മുഖചിത്രത്തോടുകൂടിയ കളറിംഗ് ആൻഡ് ഡോട്ട് ടു ഡോട്ട് ഡ്രോയിങ് ബുക്കുകൾ വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയിരുന്നു. വിദ്യാർത്ഥികളെ പ്രകൃതിയുമായി കൂടുതൽ ചേർത്ത് നിർത്തുന്നത് സഹായകരമായ രീതിയിൽ ക്യാമ്പസിൽ ജൈവ പച്ചക്കറി കൃഷിത്തോട്ടം, വാഴകൃഷി എന്നിവ വോളണ്ടിയേഴ്സിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുകയും കൃഷിത്തോട്ടത്തിലെ വിളവ് പൂർണ്ണമായും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പ്രയോജനപ്പെടുത്തുകയും ചെയ്തുവരുന്നു. ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് തെളിനീരോട്ടം എന്ന പേരിൽ പദയാത്ര, ജലഘോഷം എന്ന പേരിൽ നാടകങ്ങൾ, വിസ്മയത്തുള്ളികൾ എന്ന പേരിൽ ജല ഗുണനിലവാരം പരിശോധനാ ക്യാമ്പുകൾ എന്നിവയും സംഘടിപ്പിച്ചു. 

വോളണ്ടിയേഴ്സിന് നൈപുണി പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട സോപ്പ് നിർമ്മാണ പരിശീലനം സംഘടിപ്പിക്കുകയും നിർമ്മിച്ച സോപ്പുകൾ കുളിർമ എന്ന ബ്രാൻഡിൽ വിപണനം ചെയ്യുകയും വിപണനത്തിലൂടെ സമാഹരിച്ച തുക പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുകയും ചെയ്തു. കൂടാതെ സ്ക്രീൻ പ്രിൻ്റിംഗ്, ലോഷൻ നിർമ്മാണം, ബുക്ക് ബൈൻഡിങ് , പുല്ലുവെട്ട് മെഷീനിൽ പരിശീലനം, പേപ്പർ ക്രാഫ്റ്റ്, യോഗ പരിശീലനം എന്നിവയും സംഘടിപ്പിക്കുകയുണ്ടായി. ആത്മകമെന്ന പേരിൽ സംഘടിപ്പിച്ച ന്യൂസ് പേപ്പർ ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിച്ച് വാങ്ങിയ വിഭവങ്ങൾ സ്പെഷ്യൽ കെയർ സെൻററിലെ ഭിന്നശേഷി സഹോദരങ്ങൾക്ക് കൈമാറി. ഉപയോഗശൂന്യമായ പേനകൾ ക്യാമ്പസിൽ വലിച്ചെറിയാതെ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ സ്ഥാപിച്ച പെൻബിൻ മികച്ച മാതൃകാ പ്രവർത്തനമായിരുന്നു. ഋതുഭേദജീവനം പ്രോജക്റ്റിന്റെ ഭാഗമായി കാർബൺ ഫ്രീ ക്യാമ്പസ് ലക്ഷ്യം വച്ചുകൊണ്ട് ക്യാമ്പസിൽ മുളം തൈകൾ വച്ചുപിടിപ്പിച്ചു. വിളർച്ചയില്ലാതെ വളരാൻ പെൺകുട്ടികൾക്കായി സംഘടിപ്പിച്ച ഹീമോഗ്ലോബിൻ പരിശോധന ക്യാമ്പ്, ബാലമിത്ര എന്ന പേരിൽ സംഘടിപ്പിച്ച ലെപ്രസി ബോധവൽക്കരണം എന്നിവയും യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രധാന പ്രവർത്തനങ്ങളിൽ ചിലതാണ്. സംസ്ഥാനത്തെ മുഴുവൻ നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെയും നേതൃത്വത്തിൽ വയനാട്ടിൽ നിർമ്മിക്കുവാൻ പദ്ധതിയിട്ടിരിക്കുന്ന സ്നേഹവീടുകളുടെ നിർമ്മാണത്തിനുള്ള ധനശേഖരണാർത്ഥം സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപ്പേരി ചലഞ്ച് വൻ വിജയമായിരുന്നു. നാടിനും സമൂഹത്തിനും സ്കൂളിനും ഒപ്പം വോളണ്ടിയേഴ്സിനും പ്രയോജനപ്പെടുന്ന പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുന്ന നാട്ടകം സ്കൂളിന് ഈ പുരസ്കാരലബ്ധി ഏറെ ഊർജ്ജം പകരുന്നതാണെന്ന് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ നോബിൾ ജോൺ അഭിപ്രായപ്പെട്ടു. അസിസ്റ്റൻറ് പ്രോഗ്രാം ഓഫീസർ ഗിരിജ കുമാരി വോളണ്ടിയർ ലീഡർമാരായ വിഷ്ണു എസ്. വാര്യർ, റോസ്മേരി ചാക്കോ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അദ്ധ്യാപക- അദ്ധ്യാപകേതര ജീവനക്കാർ, പി.ടി.എ., നാട്ടുകാർ എന്നിവരുടെ സഹകരണം മികച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും അവാർഡ് കരസ്ഥമാക്കുന്നതിനും ഏറെ സഹായിച്ചുവെന്ന് സ്കൂൾ പ്രിൻസിപ്പൽ ബെന്നോ ജോസഫ് അഭിപ്രായപ്പെട്ടു. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.