കൊച്ചി: വിവിധ മേഖലകളിൽ ശ്രദ്ധേയരായ പ്രതിഭകൾക്കുള്ള ഭാരതീയം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ മേഖലയിലെയും പരിസ്ഥിതി മേഖലയിലെയും മികവുറ്റ പ്രതിഭകൾക്കാണ് ഇത്തവണ പുരസ്‌കാരം. ഇബ്രാഹിം ചേർക്കള, മധു തൃപ്പെരുംന്തുറ, ബീന ബിനിൽ, മധു ആലപ്പടമ്പ്, ശ്രീജേഷ് ഊരത്ത് എന്നിവരാണ് പുരസ്‌കാരജേതാക്കൾ.
ഇബ്രാഹിം ചേർക്കളയുടെ വിഷചുഴിയിലെ സ്വർണമീനുകൾ (നോവൽ), കഥാവിഭാഗത്തിൽ മധു തൃപ്പെരുംന്തുറയുടെ മായമ്മ, ബീന ബിനിലിന്റെ യാത്ര, കവിതാ വിഭാഗത്തിൽ മധു ആലപ്പടമ്പിന്റെ രാത്രി വണ്ടി എന്നിവയാണ് അവാർഡിനായി പരിഗണിക്കപ്പെട്ടത്. പരിസ്ഥിതി മേഖലയിലെ ശ്രദ്ധേയമായ ഇടപെടലുകൾ പരിഗണിച്ചാണ് ശ്രീജേഷ് ഊരത്തിന് പ്രത്യേക പുരസ്‌കാരം നൽകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പതിനഞ്ചോളം പുസ്തകങ്ങളുടെ രചയിതാവായ ഇബ്രാഹിം നേരത്തെ ദുബൈ പ്രവാസി ബുക്ക് ട്രസ്റ്റ് പുരസ്‌കാരത്തിന് അർഹനായിട്ടുണ്ട്. കാസർഗോഡ് ചെങ്കള സ്വദേശിയാണ്.
ഫ്രീലാൻസ് ജേർണലിസ്റ്റും പരിസ്ഥിതി പ്രവർത്തകനുമായ മധു തൃപ്പെരുന്തുറ വിദ്യാഭ്യാസ വകുപ്പിന്റെ മുണ്ടശ്ശേരി പുരസ്‌കാരം ഉൾപ്പെടെ നിരവധി ബഹുമതികൾക്ക് അർഹനായിട്ടുണ്ട്. ആറോളം പുസ്തകങ്ങളുടെ രചയിതാവാണ്. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല സ്വദേശിയാണ്.
യുവ എഴുത്തുകാരികളിൽ ശ്രദ്ധേയായ ബീന ബിനിൽ തൃശ്ശൂർ അയ്യന്തോൾ സ്വദേശിയാണ്. അഞ്ചു പുസ്തകങ്ങളുടെ രചയിതാവായ ഇവർ കേരള വർമ്മ കോളേജിൽ സംസ്‌കൃതവിഭാഗം അധ്യാപികയാണ്.
ഏഴോളം പുസ്തകങ്ങളുടെ രചയിതാവായ മധു ആലപ്പടമ്പിന് വൈലോപ്പള്ളി പുരസ്‌കാരമുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അഞ്ചോളം സിനിമകൾക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ ഏറ്റുകുടുക്ക സ്വദേശിയാണ്.
പരിസ്ഥിതി മേഖലയിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് പ്രത്യേക പുരസ്‌കാരത്തിന് അർഹനായ ശ്രീജേഷ് ഊരത്ത് പരിസ്ഥിതി മേഖലയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിച്ച ഗ്രീൻ ലീഫ് പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ടാണ് പൊതുരംഗത്ത് ശ്രദ്ധ നേടിയത്. ഇദ്ദേഹം കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കൂടിയാണ്. 10000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം മാർച്ച് അവസാനവാരം കൽപ്പറ്റയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് സംസ്ഥാന ചെയർമാൻ ഹരീന്ദ്രൻ കരിമ്പനപ്പാലം, സെക്രട്ടറി എ.എസ്.അജീഷ് എന്നിവർ അറിയിച്ചു.