ആക്സിയം ഫോർ അണ്‍ഡോക്കിംഗ് നാളെ; ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ യാത്രയപ്പ് ചടങ്ങ്; ശുഭാംശുവിൻ്റെ തിരിച്ചു വരവ് കാത്ത് രാജ്യം

ഐഎസ്എസ്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ശുഭാംശു ശുക്ലയും മറ്റ് ആക്സിയം 4 സംഘാംഗങ്ങളും നാളെ (ജൂലൈ 14) മടങ്ങും. ദൗത്യം അവസാനിക്കുന്നതിന് മുന്നോടിയായി ആക്സിയം 4 സംഘത്തിന് നിലയത്തില്‍ വച്ച് എക്സ്പെഡിഷൻ 73 ക്രൂ ഇന്ന് യാത്രയയപ്പ് നൽകും. രാത്രി 7:25-നാണ് വിടവാങ്ങൽ ചടങ്ങ് ആരംഭിക്കും. ബഹിരാകാശ നിലയത്തിൽ ദീർഘകാല ദൗത്യം നടത്തുന്ന ഏഴ് പേരാണ് എക്സ്പെഡിഷൻ 73-യിലുള്ളത്. അണ്‍ഡോക്കിംഗിനായി നാളെ (തിങ്കളാഴ്‌ച) ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരയോടെ ആക്സിയം 4 സംഘം സ്പേസ് എക്‌സിന്‍റെ ഡ്രാഗൺ ഗ്രേസ് പേടകത്തില്‍ പ്രവേശിക്കും. 4:35-ഓടെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേർപ്പെടുത്തും. അൺഡോക്ക് ചെയ്ത് കഴിഞ്ഞാൽ ഭൂമിയിലേക്കുള്ള യാത്ര മണിക്കൂറുകൾ നീളും. ഐഎസ്ആർഒയുടെ അറിയിപ്പ് അനുസരിച്ച് ജൂലൈ പതിനഞ്ചിന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഗ്രേസ് ഭൂമിയിലെത്തുക. കാലിഫോര്‍ണിയ തീരത്താണ് ഗ്രേസ് പേടകത്തിന്‍റെ സ്‌പ്ലാഷ്‌ഡൗണ്‍ നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സ്‌പ്ലാഷ്‌ഡൗണ്‍ സമയം കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. ഐഎസ്എസില്‍ രണ്ട് ആഴ്‌ചത്തെ ദൗത്യത്തിന് ശേഷമാണ് ആക്‌സിയം 4 സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്.

Advertisements

ജൂൺ 26-നാണ് ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ക്രൂവിലുള്ളത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും കൃത്യമായി പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു.

Hot Topics

Related Articles