കോട്ടയം: അയർക്കുന്നത്തെ ഇരുമ്പ് കടയിൽ നിന്നും ഇരുമ്പ് തകിടുകൾ മോഷ്ടിച്ചു വിൽപ്പന നടത്തിയ കേസിൽ ഏറ്റുമാനൂർ സ്വദേശി പിടിയിൽ. ഏറ്റുമാനൂർ പുന്നത്തറ മാടപ്പാട് ഭാഗം പ്ലാക്ക തുണ്ടത്തിൽ വീട്ടിൽ രമണൻ മകൻ രൂപേഷ് പി.ആർ (42) എന്നയാളെയാണ് അയർക്കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം അകലകുന്നം മറ്റക്കരയിൽ മണ്ണൂർപള്ളി ഭാഗത്തുള്ള എം.ബി.സി എന്ന ഇരുമ്പു വാർക്ക തകിടുകൾ വാടകയ്ക്ക് കൊടുക്കുന്ന കടയിൽ നിന്നും 70 ഓളം ഇരുമ്പ് വാർക്ക തകിടുകളാണ് പ്രതി മോഷ്ടിച്ചു കൊണ്ടു പോയത്.
കട ഉടമ നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊാലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.ഇയാൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ അനേകം കേസുകൾ നിലവിലുണ്ട്. അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ആർ മധു, എസ് ഐ മാരായ തോമസ് ജോർജ്, സജു ടി.ലൂക്കോസ്, സി.പി.ഓ മാരായ ശ്രീനിഷ് തങ്കപ്പൻ, രമേശൻ ചെട്ടിയാർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.