അയ്മനം പുത്തൂക്കരിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ മാത്രമല്ല: കനാല്‍ ടൂറിസത്തിന്റെ പുതിയ ലോകം

കോട്ടയം : മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്ത അയ്മനം പുത്തൂക്കരി ആമ്പല്‍ വസന്തം ടൂറിസം ഫെസ്റ്റില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ആമ്പല്‍ കാഴ്ച്ചമാത്രമല്ല ഏറ്റവും പ്രിയപ്പെട്ട ബോട്ട് യാത്രയ്ക്കുള്ള സൗകര്യം കൂടിയാണ്.
അയ്മനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുത്തൂക്കരി പാടത്തിലാണ് ആമ്പല്‍ വസന്തം നിറഞ്ഞു നില്ക്കുന്നത്. രാവിലെ എത്തുന്നവര്‍ക്ക് അറുപത് ഏക്കറോളം വരുന്ന പാടത്തുകൂടി വള്ളത്തില്‍ സഞ്ചരിച്ച് ആമ്പലിന്റെ സൗന്ദര്യംനുകരാന്‍ സാധിക്കും.

Advertisements

കുട്ടവഞ്ചിയാത്ര , ശിക്കാരി വള്ളയാത്ര , ബോട്ട് യാത്ര എന്നിവയ്ക്കുള്ള സൗകര്യം കൂടി പുത്തൂക്കരിയില്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. പുത്തൂക്കരിയില്‍ എത്തുന്നവര്‍ക്ക് ഇടത്തോടുകളിലൂടെ യാത്ര ചെയ്യാവുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. ആമ്പല്‍ കാഴ്ച്ചകള്‍ രാവിലെ പത്തുമണിവരെ ആണെങ്കിലും ബോട്ട് സഞ്ചാരം വൈകുന്നേരം വരെ ഒരുക്കിയിട്ടുണ്ട്. ബോട്ട് റൂട്ടിലുടെ യാത്ര ചെയ്താണ് ഇടത്തോടുകളിലേക്കും ചീപ്പുങ്കലിലേക്കും എത്തുന്നത്. ദേശാടനപ്പക്ഷികള്‍, പാടശേഖരങ്ങള്‍ തുടങ്ങിയ കാഴ്ചകള്‍ യാത്രയില്‍ ആസ്വദിക്കാം. ഗ്രാമീണജീവിതവും യാത്രയില്‍ കാണാം. സഞ്ചാരികള്‍ ആഗ്രഹിച്ചാല്‍ കരയില്‍ ഇറങ്ങി പ്രദേശങ്ങളും കാണാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നാട്ടുരുചികള്‍ ആസ്വദിക്കാനും സൗകര്യമുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായുള്ള പായനെയ്ത്ത്, ചൂണ്ടയിടല്‍, ഓലമെടച്ചില്‍ , കള്ള്‌ചെത്ത് തുടങ്ങിയ ഗ്രാമീണകാഴ്ചകള്‍ കാണാനും പുത്തൂക്കരി ടൂറിസം അവസരം ഒരുക്കുന്നുണ്ട്. മരങ്ങള്‍ തണലൊരുക്കുന്ന തോടുകള്‍ വഴിയുള്ള യാത്ര തന്നെ മനോഹരമാണ്. പാടത്തില്‍ ആമ്പല്‍ അടുത്ത് കാണാവുന്ന രീതിയില്‍ കുട്ടവഞ്ചി ഒരുക്കിയിട്ടുണ്ട്. ആഴം കുറഞ്ഞ പാടശേഖരമായതിനാലും ചുറ്റും ഉറപ്പുള്ള ബണ്ടുകളാല്‍ സുരക്ഷിതമായതിനാലും മറ്റേത് പ്രദേശത്തെക്കാളും സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമാണ് പുത്തൂക്കരി പാടത്തിലൂടെയുള്ള യാത്ര.

കനാല്‍ യാത്രയ്ക്ക് പുറമെ നാടന്‍ ഭക്ഷണങ്ങള്‍ ലഭിക്കുന്ന കൗണ്ടറും പ്രവര്‍ത്തന സജ്ജമാക്കുന്നുണ്ട്. ഫെസ്റ്റ് മൂന്നുദിവസത്തേക്കാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ഒക്‌ടോബര്‍ ആദ്യആഴ്ച്ചവരെ ആമ്പല്‍ കാഴ്ച്ച ആസ്വദിക്കാനുള്ള സൗകര്യം ഇവിടെ ഉണ്ടാകും. അതുകഴിഞ്ഞാലും കനാല്‍ ടൂറിസം പോയിന്റായി പൂത്തൂക്കരിയെ മാറ്റുന്ന നിലയിലാണ് പഞ്ചായത്ത് പദ്ധതി ഒരുക്കിയിരിക്കുന്നത്.
ജൂണ്‍ പകുതിമുതല്‍ ഒക്‌ടോബര്‍ ആദ്യം വരെയാണ് പുത്തൂക്കരി പാടശേഖരത്തില്‍ ആമ്പല്‍ വിരിയുക. അതു കഴിഞ്ഞ് എത്തുന്നവര്‍ക്ക് നെല്‍കൃഷിയും കണ്ട് ആസ്വദിക്കാന്‍ കഴിയും . പുത്തൂക്കരിയില്‍ നിന്ന് ഉള്‍പ്രദേശങ്ങളിലേക്ക് വള്ളത്തില്‍ പോകുമ്പോള്‍ വര്‍ഷം മുഴുവന്‍ പൂത്തു നില്‍ക്കുന്ന ചെറിയ ആമ്പല്‍വസന്തങ്ങളും കാണാന്‍ കഴിയും.

പുത്തൂക്കരിയിലേക്കുള്ള വഴി
ഈ ഉള്‍നാടന്‍ ടൂറിസ്റ്റ് കേന്ദ്രത്തില്‍ എത്താന്‍ രണ്ടു വഴികളാണ് ഉള്ളത്. ടാര്‍ ചെയ്ത് മനോഹരമാക്കിയ ചെറു റോഡിലൂടെയുള്ള യാത്രയും ആസ്വാദ്യമാണ്. കോട്ടയത്തുനിന്ന് വരുന്നവര്‍ക്ക് കുടയംപടി ജംഗ്ഷനില്‍ നിന്നും ഇടത്തു തിരിഞ്ഞ് തിരിഞ്ഞ് അയ്മനം ജംഗ്ഷനില്‍ എത്തിച്ചേരാം. അവിടെ നിന്നും (അയ്മത്തുനിന്നും) വലതുവശത്തേക്ക് തിരിഞ്ഞ് മണലേപ്പള്ളി പാലത്തില്‍ എത്തിച്ചേരണം. മണലപ്പള്ളി പാലത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ കരിപ്പൂത്തട്ട് പാലം അവിടെ ഒന്നു ഇടതു തിരിഞ്ഞ് ഒന്നര കിലോമീറ്റര്‍ മാടശ്ശേരി പാലം അവിടുന്ന് വീണ്ടും വലത്തേക്ക് തിരിഞ്ഞ് ഒരു 700 മീറ്റര്‍ പുത്തൂക്കരിയില്‍ എത്തിച്ചേരും. (ഇവിടെയെല്ലാം സൂചന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.)

മെഡിക്കല്‍ കോളേജിന്റെ ഭാഗത്തു നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് പനമ്പാലം ജംഗ്ഷന്‍ അവിടെ നിന്നഇടത്തേക്ക് തിരിയണം . ആ വഴി എത്തിച്ചരുക മണലേപ്പള്ളി ജംഗ്ഷനിലാണ് . അവിടെ നിന്ന് വലത് തിരിഞ്ഞ് ഒരു കിലോമീറ്റര്‍ കരിപ്പൂത്തട്ട് പാലം . പാലത്തില്‍ നിന്ന് ഇടതു തിരിഞ്ഞ് ഒന്നര കിലോമീറ്റര്‍ മാടശ്ശേരി പാലം അവിടെ നിന്നും റൈറ്റ് 700 മീറ്റര്‍ പുത്തൂക്കരി.

Hot Topics

Related Articles