കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാട് കടത്തി. അയ്മനം കുടമാളൂർ രവി നിവാസ് വീട്ടിൽ രവി മകൻ രഞ്ജിത്ത് രവി (43) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ആറുമാസക്കാലത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറേ വർഷങ്ങളിലായി ഗാന്ധിനഗർ സ്റ്റേഷൻ പരിധിയിൽ മോഷണം, ഭവനഭേദനം, കവർച്ച തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.