കോഴഞ്ചേരി :
അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024 -25 ലെ കരട് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍ അവതരിപ്പിച്ചു. 18.08 കോടി രൂപാ വരവും 14.56 കോടി രൂപ ചെലവും 3.51 കോടി രൂപാ നീക്കിയിരിപ്പുമാണ് പ്രതീക്ഷിക്കുന്നത്.
മാലിന്യ സംസ്‌കരണം, ഉത്പാദന മേഖലയില്‍ വന്യമൃഗങ്ങളില്‍ നിന്നും കൃഷിയിടം സംരക്ഷിക്കുന്നതിന് 10 ലക്ഷം രൂപയും ലൈഫ് മിഷന്‍ നാലുകോടി രൂപയും കാര്‍ഷിക മേഖലയ്ക്ക് 60.75 ലക്ഷം രൂപയും റോഡ് പുനരുദ്ധാരണത്തിന് 2.15 കോടി രൂപയും ആസ്ഥി വികസനത്തിന് 22.3 ലക്ഷം രൂപയും എം.സി.എഫ് നിര്‍മ്മാണത്തിന് വസ്തു വാങ്ങുന്നതിന് 16 ലക്ഷം രൂപയും അംഗന്‍വാടി നിര്‍മാണത്തിനും പാലിയേറ്റീവ്, ഡയാലിസിസ് രോഗികള്‍ക്ക് സഹായം, ഭിന്നശേഷി കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ഭിന്നശേഷി കല കായിക മേള, തെരുവ് വിളക്ക് പരിപാലനത്തിന് 29 ലക്ഷം രൂപയും മൃഗസംരക്ഷണ പദ്ധതിയിലൂടെ ക്ഷീര കര്‍ഷകര്‍ക്ക് പാലിന് സബ്‌സിഡി, കാലിതീറ്റ എന്നിവ നല്‍കുന്നതിനും മുട്ടക്കോഴി വിതരണം, പോത്തുകുട്ടി വിതരണം, മത്സ്യ കൃഷി മേഖല ഉള്‍പ്പടെ 60.75 ലക്ഷം രൂപയും വനിതാ ശാക്തീകരണത്തിലൂടെ കുടുംബശ്രീക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനു തൊഴിലുറപ്പ് പദ്ധതിയിലൂടെ കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുവാനും ക്ഷേമ പെന്‍ഷനുകള്‍ സമയ ബന്ധിതമായി അപേക്ഷകര്‍ക്ക് നല്‍കുന്നതിനും സേവന മേഖലയില്‍ വനിതകള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്നതിന് ഒരു ലക്ഷം രൂപയും പാലിയേറ്റിവ് കെയര്‍ പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് വിഹിതം ഉള്‍പ്പെടെ 11.5 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍ സംസ്ഥാന ആവിഷ്‌കൃത ഫണ്ടില്‍ 5,57 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രസിഡന്റ് അമ്പിളി പ്രഭാകരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ വിമല്‍, സാംകുട്ടി അയ്യക്കാവില്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിത കുറുപ്പ്, ബെന്‍സന്‍ തോമസ്, പ്രഭാവതി, മറിയം റ്റി.തോമസ്, പ്രദീപ് അയിരൂര്‍, സോമശേഖരന്‍ പിള്ള, എന്‍ ജി.ഉണ്ണികൃഷ്ണന്‍, ശ്രീകല ഹരികുമാര്‍, അംബുജ ഭായ്, അനുരാധ ശ്രീജിത്ത്, സെക്രട്ടറി എ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.