അയ്മനം: അയ്മനം പഞ്ചായത്തിന്റെ പുറംപോക്കിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ പി.ആർ.ഡി.എസിന്റെ മന്ദിരം കോടതി വിധിയെ തുടർന്ന് പഞ്ചായത്ത് ഏറ്റെടുത്തു. കോടതി വിധി നടപ്പാക്കാൻ പൊലീസ് സഹായത്തോടെ അധികൃതർ എത്തിയതിനെ തുടയാൻ മണ്ണെണ്ണക്കുപ്പിയും, പെട്രോളുമായി ആളുകൾ കെട്ടിടത്തിനു മുകളിൽ കയറിയത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ് സബ് കളക്ടറും, സബ് ജഡ്ജിയും, ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറും അടങ്ങുന്ന സംഘം ചർച്ച നടത്തിയത്. തുടർന്ന്, ചർച്ചയ്ക്ക് ശേഷം സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തു.
ചൊവ്വാഴ്ച രാവിലെ ആരംഭിച്ച സംഘർഷം ഉച്ചയോടെയാണ് അവസാനിച്ചത്. അയ്മനം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പി.ആർ.ഡി.എസ് ഓഫിസ് പൊളിച്ചു മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസ് സംഘം എത്തിയതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷമുണ്ടായത്. കെട്ടിടം പൊളിച്ചു മാറ്റാൻ എത്തിയ പൊലീസ് സംഘത്തെ തടയാൻ വിശ്വാസികളിൽ ഒരു വിഭാഗം കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച രാവിലെയാണ് പഞ്ചായത്ത് അധികൃതർ കെട്ടിടം പൊളിച്ചു നീക്കുന്നതിനായി പൊലീസ് സഹായത്തോടെ സ്ഥലത്ത് എത്തിയത്. 1962 മുതൽ കെട്ടിടം സ്ഥലത്ത് പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ആരാധനയും പ്രാർത്ഥനയും അടക്കം വിശ്വാസികളും നടത്തുന്നുണ്ട്. ഇതിനിടെ ആറു വർഷം മുൻപ് പ്രദേശവാസിയായ അനിൽകുമാർ ഹൈക്കോടതിയിൽ കേസ് നൽകുകയായിരുന്നു. തനിക്ക് സഞ്ചാര സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചത്. തുടർന്ന്, കഴിഞ്ഞ ദിവസം കോടതി കെട്ടിടം പൊളിച്ചു മാറ്റാൻ ഉത്തരവിടുകയായിരുന്നു.
അയ്മനം പഞ്ചായത്തിലെ വരമ്പിനകം വാർഡിൽ പുറംപോക്കിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നാണ് രേഖകളിൽ പറയുന്നത്. ഈ രേഖകൾ പരിശോധിച്ചാണ് കോടതി ഓഫിസും, ആരാധനാലയവും പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്. ഇത് പൊളിച്ചു മാറ്റിയ ശേഷം നിയമാനുസൃതമായി നടപടികൾ പൂർത്തിയാക്കുന്നതിനും കോടതി നിർദേശം നൽകിയിട്ടുണ്ട്. ഈ വിധി നടപ്പാക്കാൻ പൊലീസും, പഞ്ചായത്ത് അധികൃതരും എത്തിയപ്പോഴാണ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
ചർച്ചകളുടെ അടിസ്ഥാനത്തിൽ കോടതി വിധി നടപ്പാക്കാൻ അനുവദിക്കാൻ വിശ്വാസികൾ തയ്യാറാകുകയായിരുന്നു. തുടർന്ന് പഞ്ചായത്ത് അധികൃതർ സ്ഥലം ഏറ്റെടുത്തു. സ്ഥലം ഏറ്റെടുത്ത ഉത്തരവ് പതിപ്പിച്ച് വിശ്വാസികളെ ഇവിടെ നിന്നും ഒഴിപ്പിച്ച ശേഷാണ് പഞ്ചായതത്ത് അധികൃതരും പൊലീസും മടങ്ങിയത്. കോടതിയിൽ തുടർ നിയമ നടപടികൾ തുടരുമെന്നു പി.ആർ.ഡി.എസ് സഭാ നേതൃത്വം അറിയിച്ചു.