ദില്ലി: അയോധ്യ രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിന ചടങ്ങിലേക്കുള്ള ക്ഷണത്തെ കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗ്. സോണിയയോ, അല്ലെങ്കിൽ പാർട്ടിയിൽ നിന്നുള്ള മറ്റ് നേതാക്കളോ ചടങ്ങിൽ പങ്കെടുക്കുമെന്നും ദിഗ് വിജയ് സിംഗ് അറിയിച്ചു.
അയോധ്യ ക്ഷേത്ര ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തിയാണ് സോണിയ ഗാന്ധിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയേയും ട്രസ്റ്റ് പ്രതിനിധികൾ നേരിട്ടെത്തി ക്ഷണിച്ചു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരെയും പ്രതിനിധി സംഘം സന്ദർശിച്ച് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. മുൻ രാഷ്ട്രപതി പ്രതിഭാ പാട്ടീലിനും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അധ്യക്ഷൻമാർക്കും ക്ഷണമുണ്ടെന്നാണ് വിവരം. എന്നാൽ സംസ്ഥാന മുഖ്യമന്ത്രിമാരെയും ഗവർണർമാരെയും ക്ഷണിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വരും ദിവസങ്ങളിൽ മാത്രമേ വ്യക്തതയുണ്ടാകു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, അയോധ്യരാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ദിന ചടങ്ങില്‍ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍ കെ അദ്വാനിയും, മുരളീമനോഹര്‍ ജോഷിയും പങ്കെടുക്കില്ല. പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്ന രണ്ട് പേരോടും പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ചതായി ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. എന്നാല്‍ മോദിക്ക് വേണ്ടി ഇരുവരെയും ഒഴിവാക്കിയതാണെന്ന ആക്ഷേപം ശക്തമാകുകയാണ്. ജനുവരി 22 നാണ് അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ നടക്കുക.