കോട്ടയം : ദളിത് വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിയ്ക്കാതെയുള്ള അയ്യപ്പസംഗമം അംഗീകരിക്കില്ലന്ന് ചേരമസാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ്) സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്. ദളിത് ക്രൈസ്തവരുടെ സംവരണ വിഷയം പരിഹരിക്കാതെയും പട്ടികവിഭാഗങ്ങളെ പരിഗണിയ്ക്കാതെയും ഉള്ള അയ്യപ്പ സംഗമം സർക്കാരിന്റെ രാഷ്ട്രീയ ഗൂഡാലോചനയാണെന്നും കെ കെ സുരേഷ് കുറ്റപ്പെടുത്തി.
സി എസ് ഡി എസ് സംസ്ഥാന നേതൃയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നത് കേരളത്തിലെ സവർണ്ണ വിഭാഗങ്ങൾ മാത്രമല്ലെന്നും കെ കെ സുരേഷ് സർക്കാരിന് മുന്നറിയിപ്പ് നൽകി.
കോട്ടയം വാഴൂർ നെടുമാവ് അംബേദ്കർ ഭവനിൽ സംസ്ഥാന നേതൃയോഗം ചേർന്നു. സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ, ട്രഷറർ പ്രവീൺ ജെയിംസ്, സെക്രട്ടറി ലീലാമ്മ ബെന്നി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ സി എം ചാക്കോ, സണ്ണി ഉരപ്പാങ്കൽ, ആഷ്ലി ബാബു, കെ കെ അപ്പു, എം ഐ ലൂക്കോസ്, എം എസ് തങ്കപ്പൻ,റോബി വി ഐസക് തുടങ്ങിയവർ പ്രസംഗിച്ചു