മലപ്പുറം : ശബരിമലയിൽ ആചാര ലംഘനത്തിന വിഷയത്തിൽ അയ്യപ്പനെതിരെ കളിച്ചവരിൽ എല്ലാവർക്കും കാലം തിരിച്ചടി നൽകിയതായി ഗോവ ഗവർണർ പി.എസ്് ശ്രീധരൻപിള്ള. ഒരിടവേളയ്ക്കു ശേഷം വീണ്ടും ശബരിമല വിഷയം വിവാദമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോൾ ബി.ജെ.പി. ഗോവ ഗവർണറായ ശ്രീധരൻപിള്ളയുടെ വിവാദമായ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയായി മാറിയിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ബി.ജെ.പി വീണ്ടും ശബരിമല വിഷയം മുന്നിലേയ്ക്കു കൊണ്ടു വന്നിരിക്കുന്നതായാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.
ശബരിമല വിഷയത്തിൽ ആചാരലംഘനത്തിന് കൂട്ട് നിന്നവരിൽ കാലത്തിന്റെ തിരിച്ചടി കിട്ടാത്തവർ ആരുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രതികരണം. വിഷയത്തിൽ ഇടപ്പെട്ട ഡൽഹിയിലെ നിയമ രംഗത്തുള്ള ഉന്നതനായ ഒരാൾ പയ്യന്നൂരിൽ വന്ന് പാപപരിഹാര കർമ്മം നടത്തി. ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ക്രിമിനലിനോടൊപ്പം വാളുമായി നിൽക്കുന്നത് കാണേണ്ടി വന്നതായും പി.എസ് ശ്രീധരൻപിള്ള മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭഗവാൻ എല്ലാവർക്കും അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുന്ന കലിയുഗവരദനാണ്. എന്നാൽ കാലം എല്ലാവരോടും കണക്ക് ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാലത്തിന്റെ കൈയിൽ നിന്നും തിരിച്ചടി കിട്ടാത്ത ഒരാൾ പോലും ശബരിമലയിൽ ആചാരലംഘനത്തിന് കൂട്ടുനിന്നവരിൽ ഇല്ല. ദില്ലി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന നിയമരംഗത്തെ ഒരു ഉന്നതൻ പയ്യന്നൂരിൽ വന്ന് പാപപരിഹാരത്തിനായി കർമ്മങ്ങൾ ചെയ്ത് തൊട്ടപ്പുറത്തുള്ള തളിപ്പറമ്പ് ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തിയത് എനിക്കറിയാം.
ഇതു കൂടാതെ മറ്റുള്ള മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ… എന്തിനധികം പറയുന്നു, ഏറ്റവും ഗ്ലാമറുള്ള പൊലീസ് ഉദ്യോഗസ്ഥൻ. പേരു പറയുന്നില്ല. ഇപ്പോൾ ഏറ്റവും വലിയ ക്രിമിനലായ ഒരുത്തന്റെ കൂടെ വാളും പിടിച്ചു നിൽക്കുന്ന ഫോട്ടോ വന്നപ്പോൾ ക്ലൈമാക്‌സിൽ നിന്നും ആന്റി ക്ലൈമാക്‌സിലേക്ക് കാര്യങ്ങൾ വന്നിരിക്കുന്നു. ഇതാണ് ശബരിമലയുടെ കാര്യം ഒരോരുത്തരുടെ കാര്യവും എടുത്തു നോക്കിക്കോള്ളൂ എല്ലാവരും മറുപടി പറയേണ്ടി വന്നിരിക്കുന്നു. ഇതിൽ ഏറ്റവും പ്രധാനികളായ അഞ്ച് പേരുടെ കാര്യം മാത്രമാണ് ഞാൻ വ്യക്തമായി അന്വേഷിച്ചറിഞ്ഞ് ഇവിടെ പറയുന്നത്.