മുംബൈ: മുൻ മന്ത്രിയും എൻസിപി അജിത് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ 2 പേർ അറസ്റ്റിൽ. പിടിയിലായവരിൽ നിന്ന് പിസ്റ്റൾ പിടിച്ചെടുത്തതതായി പോലീസ് അറിയിച്ചു. രക്ഷപ്പെട്ട മൂന്നാമനെ കണ്ടെത്താൻ വേണ്ടി തിരച്ചിൽ പുരോഗമിക്കുകയാണ്. റെയിൽവേ സ്റ്റേഷനുകളിലും പരിശോധന നടക്കുകയാണ്. സംഭവത്തിൽ മഹാരാഷ്ട്ര ക്രൈംബ്രാഞ്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 10 പേരടങ്ങുന്ന ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടക്കുന്നത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ബോളിവുഡ് സിനിമാലോകത്തും കഴിഞ്ഞ നാലരപതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന നേതാവാണ് കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ബാന്ദ്രയിലാണ് ബാബാ സിദ്ദിഖിക്ക് വെടിയേറ്റത്. രാത്രി ഒമ്ബതരയോടെ ദസറ ആഘോഷങ്ങൾ നടക്കുന്നതിനിടെ മുഖം മുടി ധരിച്ചെത്തിയ മൂന്ന് പേർ സിദ്ദിഖിക്ക് നേരെ വെടിവെക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലയ്ക്ക് പിന്നിൽ കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സംഘമെന്നാണ് സൂചന.