അഗർത്തല: ത്രിപുരയിൽ അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം നേതാവ് ബാദൽ ഷിൽ മരിച്ചു. അടുത്ത മാസം നടക്കാനിരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജില്ലാ പരിഷത്ത് സ്ഥാനാർഥിയായിരുന്നു ബാദൽ ഷിൽ. മത്സരരംഗത്തുണ്ടായിരുന്ന ഷില്ലിനെ കൊലപ്പെടുത്തിയത് ബി ജെ പി പിന്തുണയുള്ള ഗുണ്ടകളാണെന്ന് സി പി എം ആരോപിച്ചു.
ഷില്ലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് 12 മണിക്കൂർ ബന്ദിന് സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സിപിഎം നേതാവ് ആക്രമിക്കപ്പെട്ടത്. തെക്കൻ ത്രിപുരയിലെ രാജ്നഗറിൽ വെച്ചാണ് ഒരു സംഘമാളുകൾ ഷില്ലിനെ ആക്രമിച്ചതെന്ന് ത്രിപുര ഇടതുമുന്നണി കൺവീനർ നാരായൺ കർ പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷിൽ ശനിയാഴ്ച രാത്രിയോടെയാണ് മരണപ്പെടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓഗസ്റ്റ് എട്ടിനാണ് ത്രിപുരയിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇടതുമുന്നണി നേതാക്കളും പ്രവർത്തകരും ആക്രമണത്തിന് ഇരയാവുകയാണ്. ഭീഷണിപ്പെടുത്തി ജനാധിപത്യത്തെ അട്ടിമറിക്കാമെന്നാണ് ബിജെപി കരുതുന്നതെന്ന് ത്രിപുര ഇടതുമുന്നണി കൺവീനർ പറഞ്ഞു. ജനം തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മറുപടി നൽകും. ഇന്നത്തെ ബന്ദിനോട് ജനം സഹകരിക്കണമെന്നും പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.