ന്യൂഡൽഹി : പന്ത്രണ്ടുവർഷംകൊണ്ട് പടുത്തുയർത്തിയ വ്യവസായ സാമ്രാജ്യത്തില്‍നിന്ന് ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ പുറത്തേക്ക്.ഇന്നലെ നടന്ന ഓഹരി ഉടമകളുടെ അസാധാരണ പൊതു യോഗം ബൈജു രവിന്ദ്രനെയും മറ്റ് കുടുംബാംഗങ്ങളെയും മാനേജ്മെന്റ് പദവികളില്‍ നിന്ന് പുറത്താക്കാനുള്ള പ്രമേയത്തിന് അംഗീകാരം നല്‍കി. അറുപത് ശതമാനം ഉടമകളും പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. എന്നാല്‍ മാർച്ച് പതിമൂന്നിന് കർണാടക ഹൈക്കോടതിയുടെ തീരുമാനം വരെ ബൈജുവിന് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്ത് തുടരാം.ഇ.ഡിയുടെയും മറ്റ് സർക്കാർ ഏജൻസികളുടെ നിയമനടപടികള്‍ക്ക് പിന്നാലെയാണ് പുതിയനീക്കം.
ഇതിനിടെ കമ്പനിയുടെ മിസ്‌മാനേജ്മെന്റും നിക്ഷേപവഞ്ചനയും കണക്കിലെടുത്ത് ബൈജു രാമചന്ദ്രനെയും കുടുംബത്തെയും ഭരണച്ചുമതലകളില്‍ നിന്ന് പുറത്താക്കി പുതിയ ബോർഡിന് രൂപം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാന നിക്ഷേപകർ കമ്ബനി ലാ ബോർഡിനെ സമീപിച്ചു. ബൈജൂസിന്റെ അവകാശ ഓഹരി വില്പന അസാധുവാക്കണമെന്നും ഫോറൻസിക് ഓഡിറ്റ് വേണമെന്നും സ്യൂട്ട് ഹർജിയില്‍ ആവശ്യപ്പെടുന്നു. പ്രൊസൂസ്, ജനറല്‍ അറ്റ്ലാന്റിക്, സോഫിന, പീക്ക് എക്സ്.വി പാർട്ട്ണേഴ്സ് എന്നീ നിക്ഷേപ ഗ്രൂപ്പുകളാണ് ട്രിബ്യൂണലിന്റെ ബംഗളൂരു ബെഞ്ചിനെ സമീപിച്ചത്. ടൈഗർ ഗ്ളോബല്‍, ഓള്‍ വെഞ്ചേഴ്സ് എന്നിവയുടെ പിന്തുണയോടെയാണ് പുതിയ നീക്കം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2022ല്‍ ബൈജുവിന്റെ വ്യക്തിഗത ആസ്തി 30,600 കോടി രൂപയായിരുന്നു. തുടർച്ചയായ ഗവേണൻസ് പാളിച്ചകളും നിയമ നടപടികളും കമ്ബനിയുടെ അടിതെറ്റിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ബൈജൂസിന്റെ മൂല്യം 2200 കോടി ഡോളറില്‍ നിന്ന് ഇരുന്നൂറ് കോടി ഡോളറില്‍ താഴെയെത്തി. ഓണ്‍ലൈൻ ട്യൂഷൻ രംഗത്ത് പുതിയ വഴി വെട്ടിത്തെളിച്ച് 2011ലാണ് ബൈജു രവീന്ദ്രന്റെ യാത്ര തുടങ്ങിയത്. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈൻ ട്യൂഷന് ആവശ്യക്കാർ ഏറിയതും വലിയ നേട്ടമായി. വിദേശ നാണയ വിനിമയച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നടപടി തുടങ്ങിയതോടെ പതനം പൂർണമായി.
ബൈജൂസിന്റെ ഓഹരി ഉടമകളുടെ പൊതുയോഗത്തിലെ തീരുമാനങ്ങള്‍ സാധുതയില്ലെന്ന് കമ്ബനി സി.ഇ.ഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ. കമ്ബനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളായ ബൈജു, ഭാര്യ ദിവ്യ ഗോകുല്‍നാഥ്, റിജു രവീന്ദ്രൻ എന്നിവർ പങ്കെടുക്കാത്തതിനാല്‍ യോഗ തീരുമാനങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഓഹരി ഉടമകള്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. കഴിഞ്ഞ വർഷങ്ങളില്‍ ആകാശ് എഡ്യൂക്കേഷണല്‍ സർവീസസും ഓസ്‌മോയും വൈറ്റ് ഹാറ്റ് ജൂനിയറും അടക്കം 17 കമ്ബനികളെയാണ് ബൈജൂസ് ഏറ്റെടുത്തത്. ഇവയില്‍ പലതും യാഥാർത്ഥ്യ ബോധമില്ലാത്ത ഉയർന്ന വില നല്‍കിയാണ് സ്വന്തമാക്കിയത്.