ന്യൂസ് ഡെസ്ക് : കേരള സാഹിത്യ അക്കാദമിക്കെതിരെ വിമർശനവുമായി എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് രംഗത്ത്. സാഹിത്യ അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രഭാഷണം നടത്തിയ തനിക്ക് നല്‍കിയത് 2400 രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കില്‍ കുറിച്ചത്. സാഹിത്യ അക്കാദമിവഴി എനിക്കു കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്റെ വില.
ബാലചന്ദ്രൻ ചുള്ളിക്കാട്
കേരളജനത എനിക്കു നല്‍കുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്. (30-01-2024).
കേരളജനതയുടെ സാഹിത്യ അക്കാദമിയില്‍ അന്താരാഷ്ട്ര സാഹിത്യോല്‍സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.
ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു. അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാല്‍ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്.
പ്രതിഫലമായി എനിക്കു നല്‍കിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/-)
എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവല്‍സിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/-).3500 രൂപയില്‍ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നല്‍കിയത് സീരിയലില്‍ അഭിനയിച്ചു ഞാൻ നേടിയ പണത്തില്‍നിന്നാണ്.പ്രബുദ്ധരായ മലയാളികളേ,
നിങ്ങളുടെ സാഹിത്യ അക്കാദമിയില്‍ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരില്‍ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.
മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നല്‍കുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങള്‍ കല്‍പിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങള്‍ക്കായി ദയവായി മേലാല്‍ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സില്‍നിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.