കോട്ടയം: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നവംബർ 14 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന ജില്ലാതല ബാലാവകാശ വാരാചരണ പ്രവർത്തനങ്ങൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം തടയുന്നതിന് അവബോധം നൽകുന്നതിനായി 125 സന്നദ്ധ പ്രവർത്തകർ പങ്കുചേർന്ന ലഹരി വിരുദ്ധ കൂട്ടനടത്തം കോട്ടയം ജില്ലാ അഡീഷണൽ പോലീസ് സുപ്രണ്ടന്റ് വിനോദ് പിള്ള ഫ്‌ലാഗ് ഓഫ് ചെയ്തു സംസാരിച്ചു. തിരുനക്കര മൈതാനത്തു എത്തിച്ചേർന്ന കൂട്ടനടത്തത്തിൽ കോട്ടയം മുൻസിപ്പാലിറ്റി ചെയർ പേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ ആശംസകൾ അർപ്പിച്ചു. കോട്ടയം ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ആർ ജയചന്ദ്രൻ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. കോട്ടയം ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബീന സി. ജെ. ചൈൽഡ് ഹെൽപ് ലൈൻ കോർഡിനേറ്റർ ജസ്റ്റിൻ മൈക്കിൾ എന്നിവർ സംസാരിച്ചു. പ്രവിത്താനം മേരി കാതറിൻ സ്‌കൂൾ ഓഫ് നഴ്‌സിംഗ് കോളേജ്, വിദ്യാർഥിനികൾ ഫ്‌ലാഷ് മൊബ് അവതരിപ്പിക്കുകയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഒ. ആർ. സി. പരിശീലകർ തെരുവുനാടകം അവതരിപ്പിക്കുകയും ചെയ്തു. ബിസിഎം കോളേജിലെ വിദ്യാർഥികൾ കൂട്ടനടത്തത്തിൽ പങ്കുചേർന്നു.