തിരുവനന്തപുരം: മീഡിയ വണ്‍ ചാനലിന്റെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം വീണ്ടും തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും പ്രമോദ് രാമന്‍ വിശദീകരിച്ചു.
നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂര്‍ നേരത്തേക്ക് സംപ്രേക്ഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 2020 മാര്‍ച്ച് ആറാം തിയതിയാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ഉത്തരവിറക്കിയത്. അന്ന്, ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ചാനലുകളെ 48 മണിക്കൂര്‍ വിലക്കിയതെന്നാണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് അന്ന് നല്‍കിയ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരുന്നു.