കോട്ടയം : ഒരു വർഷം പഴക്കമുള്ള ബനാന ചിപ്സ് കഴിച്ച മൂന്നു വയസുകാരന് ഭക്ഷ്യവിഷബാധ. കോട്ടയം പള്ളം ബ്ളസി ഭവനിൽ ജസ് വിൻ – പ്രവീൺ ദമ്പതികളുടെ മകൻ നഥനേയലിനാണ് ഭക്ഷ്യവിഷബാധ ഏറ്റത്. കഴിഞ്ഞ 30 ന് രാത്രി 11 നാണ് നഥനേയലിൻ്റെ മുത്തച്ഛൻ യേശുദാസ് കുട്ടിയ്ക്ക് ഏറെ പ്രിയപ്പെട്ട ബനാന ചിപ്സ് വാങ്ങി നൽകിയത്. നാട്ടകം മുളങ്കുഴയിലെ കടയിൽ നിന്നാണ് കഴിഞ്ഞ ദിവസം രാത്രിയിൽ ഇദ്ദേഹം ചിപ്സ് വാങ്ങിയത്. തുടർന്ന് , പിറ്റേന്ന് രാവിലെ കുട്ടിയും മുത്തശ്ശിയും ചിപ്സ് കഴിച്ചു. ഇതിന് പിന്നാലെ കുട്ടിയുടെ ശരീരം ചൊറിഞ്ഞ് തടിക്കുകയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് കുട്ടിയെയുമായി കോട്ടയം ഐസിഎച്ചിൽ എത്തി. ഗുരുതരമായ അവസ്ഥയാണ് ഉണ്ടായതെന്ന് ഡോക്ടർമാർ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറയുന്നു. തുടർന്ന് ഒരു ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ ശേഷം ഫെബ്രുവരി ഒന്നിന് ഉച്ചയ്ക്കാണ് കുട്ടിയെ ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്. തുടർന്ന് കുട്ടിയുടെ പിതാവ് ജില്ലാ കളക്ടർക്കും കോട്ടയം നഗരസഭ അധികൃതർക്കും നഗരസഭ ആരോഗ്യ വിഭാഗം അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. കൊച്ചി ഇളമക്കരയിലെ ബിസ്മി സ്വീറ്റ്സ് എന്ന സ്ഥാപനം നിർമ്മിച്ച സ്വീറ്റ് ചിപ്സ് ആണ് കുട്ടി കഴിച്ചത് എന്ന് പിതാവ് പറയുന്നു. 2023 ജനുവരി ആറിന് ഈ ചിപ്സ് പാക്ക് ചെയ്തതായാണ് പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പാക്ക് ചെയ്ത് 55 ദിവസത്തിനുള്ളിൽ ഭക്ഷണം ഉപയോഗിക്കാം എന്നാണ് ഈ പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.