തൃശൂർ : തിരിച്ചടയ്ക്കാൻ ബാങ്കിലെത്തിച്ച സിപിഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായനികുതി വകുപ്പ്. തൃശ്ശൂരില്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പിൻവലിച്ച പണം തിരിച്ചടക്കാനായി കൊണ്ടുവന്നപ്പോഴാണ് ആദായനികുതി വകുപ്പ് പിടിച്ചെടുത്തത്.ബാങ്ക് ജീവനക്കാർ അറിയിച്ചതിനേത്തുടർന്ന് ബാങ്കില്‍ എത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുക്കുകയായിരുന്നു. കണക്കില്‍പെടാത്ത പണമെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഎം ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയില്‍നിന്ന് ഒരു കോടി രൂപ പിൻവലിച്ചത്. ഈ അക്കൗണ്ട് പിന്നീട് മരവിപ്പിക്കുകയും ആദായനികുതി വകുപ്പിന്റെ നടപടികളുണ്ടാവുകയും ചെയ്തിരുന്നു. ഈ പണം അക്കൗണ്ടില്‍ തിരിച്ചടക്കുന്നതിനായാണ് തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസ് ബാങ്കിലെത്തിയത്. എന്നാല്‍, ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ അറിയിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പണം സംബന്ധിച്ച് എം.എം വർഗീസിൻറെ മൊഴി ഉദ്യോഗസ്ഥർ എടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചാണ് പ്രധാനമായും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദിച്ചത്. എന്നാല്‍, മറുപടി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പണം താത്കാലികമായി ബാങ്കില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ തുടരുമെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്.