ചെന്നൈ: രാജ്യത്ത് ബംഗളൂരുവിനും ഗുജറാത്തിനും പിന്നാലെ ചെന്നൈയിലും കൊൽക്കത്തയിലും എച്ച്എംപിവി വൈറസ് ബാധ. തേനംപെട്ട്, ഗിണ്ടി എന്നിവിടങ്ങളിൽ രണ്ട് കുട്ടികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
സെമ്പിയത്തെ സ്വകാര്യ ആശുപത്രിയിലാണ് ഒരു കുട്ടി ചികിത്സയിലുള്ളത്. പനി, ജലദോഷം, ചുമ തുടങ്ങി സാധാരണ ന്യുമോണിയയുടെ ലക്ഷണങ്ങളാണ് കുട്ടിയ്ക്കുള്ളതെന്ന് ഡോക്ടേഴ്സ് അറിയിച്ചു. ഗുണ്ടിയിലെ സ്വകാര്യ പീഡിയാട്രിക് ആശുപത്രിയിലാണ് രണ്ടാമത്തെ കുട്ടി ചികിത്സ തേടിയത്. കുട്ടികളുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ചൈനയിൽ അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന എച്ച്എംപിവി വൈറസ് വകഭേദം തന്നെയാണോ കുട്ടികളുടെ ശരീരത്തിലേക്ക് പ്രവേശിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊൽക്കത്തയിൽ അഞ്ചുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധ കണ്ടെത്തിയത്. നേരത്തെ കർണാടകയിലും ഹൈദരബാദിലും കുട്ടികൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, രാജ്യത്തെ എച്ച്എംപിവി വ്യാപനത്തിൽ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും ആശങ്ക വേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇത് ഒരു പുതിയ വൈറസ് അല്ലെന്നും ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടും ഇതിനകം രോഗം കണ്ടെത്തിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇൻഫ്ളുവൻസയ്ക്ക് സമാനമായ രോഗലക്ഷണങ്ങൾ ഉള്ള എച്ച്എംപിവി കേസുകളിൽ അസാധാരണമായ ഒരു വർധനയും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു