ബെംഗളൂരു: ഓണാഘോഷത്തിന് ബെംഗളൂരുവിൽ കുടുംബാംഗങ്ങൾ ചേർന്ന് തയ്യാറാക്കിയ പൂക്കളം അലങ്കോലപ്പെടുത്തിയതിന് മലയാളി യുവതിയുടെ പേരിൽ പൊലീസ് കേസെടുത്തു. ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്മെന്റിൽ ഓണാഘോഷത്തിനിടെയാണ് സംഭവം. താനിസന്ദ്ര മൊണാർക്ക് സെറിനിറ്റി അപ്പാർട്ട്മെന്റിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശി സിമി നായരുടെ പേരിലാണ് സാമ്പിഗെഹള്ളി പൊലീസ് കേസെടുത്തത്.
പുലർച്ചെ പാർപ്പിട സമുച്ചയത്തിന്റെ താഴെ നിലയിൽ ഒരുക്കിയ പൂക്കളമാണ് നശിപ്പിച്ചത്. തിരുവോണം കഴിഞ്ഞിട്ടും ഓണം ആഘോഷിക്കുന്നതിനോടും പൂക്കളമൊരുക്കുന്നതിനോടും എതിർപ്പുന്നയിച്ചാണ് പൂക്കളം നശിപ്പിച്ചതെന്ന് മലയാളി കുടുംബാംഗങ്ങൾ പറഞ്ഞു. കുട്ടികൾ ഉൾപ്പെടെയുള്ളവർ ചേർന്നായിരുന്നു ആവേശപൂർവം പൂക്കളമൊരുക്കിയത്. ഇതിനുശേഷം ഇവർ അവരവരുടെ വീടുകളിലേക്ക് പോയ സമയം സിമി നായർ പൂക്കളത്തിൽ കയറി നിൽക്കുകയും കാലുകൊണ്ട് കളത്തിലെ പൂക്കൾ അലങ്കോലപ്പെടുത്തുകയും ആയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്ഥലത്തെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പിന്മാറിയില്ല. തുടർന്ന് പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. യുവതി പൂക്കളം നശിപ്പിക്കുന്നതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.