കോട്ടയം :ബംഗളൂരുവിലെ സ്കൂളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നാലു വയസുകാരിക്ക് ജന്മനാട്ടില് വികാര നിര്‍ഭരമായ യാത്രയയപ്പ്.കോട്ടയം മണിമലയിലെ വീട്ടില്‍ നാട്ടുകാരും ബന്ധുക്കളുമടക്കം ഒട്ടേറേ പേരാണ് നാലു വയസുകാരി ജിയന്നയ്ക്ക് യാത്രാമൊഴിയേകാന്‍ എത്തിയത്. കുട്ടിയുടെ മരണത്തെ പറ്റിയുളള ഫലപ്രദമായ അന്വേഷണത്തിന് ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഹൃദയം നുറുങ്ങിയുളള അമ്മയുടെ വിളി കേള്‍ക്കാതെ മണിമലയിലെ വീടിന്റെ പൂമുഖത്ത് അന്നമോള് കിടന്നു. എന്താണ് ചുറ്റും നടക്കുന്നതെന്നറിയാതെ ചേച്ചിയുടെ ചേതനയറ്റ ശരീരത്തിനരികെ ഒരു വയസുകാരി കുഞ്ഞനുജത്തി. ആകെ തകര്‍ന്ന മനസുമായി അച്ഛന് ജിറ്റോ. മണിമലയിലെ വീട്ടില്‍ ബന്ധുക്കളും നാട്ടുകാരുമടക്കം വലിയ ജനാവലിയാണ് കുഞ്ഞു ജിയന്നയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്കു ശേഷം കരിമ്പനക്കുളം സേക്രട്ട് ഹാര്‍ട്ട് പളളി സെമിത്തേരിയിലായിരുന്നു സംസ്കാരം. ബംഗളൂരുവിലെ ദില്ലി പബ്ലിക് സ്കൂളില്‍ പ്രീകെജി വിദ്യാര്‍ഥിനിയായിരുന്ന ജിയന്ന സ്കൂളിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണാണ് മരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പലായ കോട്ടയം സ്വദേശി തോമസ് ചെറിയാനെതിരെ ബംഗളൂരു പൊലീസ് കേസെടുത്തിരുന്നു. ഒളിവില്‍ പോയ പ്രിന്‍സിപ്പലിനായി കേരളത്തിലടക്കം അന്വേഷണം നടത്തുന്നുണ്ടെന്നാണ് ബെംഗളൂരു പൊലീസ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്.