ഡൽഹി : ബാങ്ക് ജീവനക്കാർക്ക് ലഭിക്കുന്ന വായ്പാ ഇളവ് സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി.ബാങ്കുകള്‍ അവരുടെ ജീവനക്കാർക്ക് പലിശ രഹിത അല്ലെങ്കില്‍ ഇളവ് നിരക്കില്‍ നല്കുന്ന വായ്പകള്‍ ‘ഫ്രിഞ്ച് ആനുകൂല്യങ്ങളായി’ കണക്കാക്കുമെന്ന് സുപ്രീം കോടതി വിധിച്ചു. അതായത് അത്തരം വായ്പകള്‍ നികുതിയുടെ പരിധിയില്‍ വരും. കോടതി വിധി ബാങ്കില്‍ നിന്ന് വായ്പയെടുക്കുന്ന ബാങ്ക് ജീവനക്കാർക്ക് തിരിച്ചടിയാണ്. ഇനി വായ്പയ്ക്ക് നികുതി നല്‍കേണ്ടിവരും.
ജീവനക്കാർക്ക് ശമ്പളത്തിന് പുറമെ ലഭിക്കുന്ന ആനുകൂല്യങ്ങളും അലവൻസുകളുമാണ് ഫ്രിഞ്ച് ആനുകൂല്യങ്ങള്‍ എന്നറിയപ്പെടുന്നത്. ജീവനക്കാരുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയോ അവരെ പ്രചോദിപ്പിക്കുന്നതിനോ ആണ് ഇത്തരം ആനുകൂല്യങ്ങള്‍ നല്‍കുന്നത്. ബാങ്ക് ജീവനക്കാർക്ക് അവരുടെ ശമ്പളത്തിന് പുറമെയാണ് വായ്പയുടെ കാര്യത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതെന്നും അതിനാല്‍ ഇവ ഫ്രിഞ്ച് ആനുകൂല്യങ്ങളായി കണക്കാക്കുമെന്നും കോടതി വിധിയില്‍ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിരവധി ബാങ്ക് സ്റ്റാഫ് യൂണിയനുകളും ഓഫീസർ അസോസിയേഷനുകളും നികുതി ചട്ടങ്ങളെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലുകള്‍ പരിഗണിച്ച ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. എസ്ബിഐയുടെ പലിശ നിരക്ക് മാനദണ്ഡമായി നിശ്ചയിക്കുന്നതിലൂടെ, എല്ലാ ബാങ്കുകള്‍ക്കും ചിത്രം വ്യക്തമാകുമെന്നും അനാവശ്യ നിയമനടപടികള്‍ ഒഴിവാക്കുമെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തെ ഏറ്റവും വലുതും മുൻനിരയിലുള്ളതുമായ ബാങ്കാണ് എസ്ബിഐ, അതിനാല്‍ എസ്ബിഐയുടെ നിരക്ക് മാനദണ്ഡമാക്കുന്നത് ശരിയായ നടപടിയാണെന്നും കോടതി പറഞ്ഞു. ബാങ്കുകള്‍ അവരുടെ ജീവനക്കാർക്ക് കുറഞ്ഞ നിരക്കില്‍ വായ്പ നല്‍കുന്നുണ്ട്. നികുതി വകുപ്പ് ഇത് ആദായമായി കണക്കാക്കി നികുതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബാങ്ക് ജീവനക്കാരുടെ സംഘടന കോടതിയിലെത്തിയത്. ഏതൊക്കെ വായ്പകളാണ് ഇളവ് ലഭിക്കുന്ന വായ്പകള്‍ എന്ന് എസ്ബിഐ നിശ്ചയിക്കുന്ന പലിശ നിരക്കിനെ അടിസ്ഥാനമാക്കി തീരുമാനിക്കും.