പന്തീരാങ്കാവ് (കോഴിക്കോട്): ബാങ്ക് ജീവനക്കാരില്‍നിന്ന് 40 ലക്ഷംരൂപ തട്ടിയെടുത്ത കേസിന് മുപ്പത്തിനാലാം ദിവസം നാടകീയ പരിസമാപ്തി.കേസില്‍ കണ്ടെത്താൻ ബാക്കിയുണ്ടായിരുന്ന 39 ലക്ഷം രൂപയും കുഴിച്ചിട്ടനിലയില്‍ കണ്ടെത്തി. മുഖ്യപ്രതി ഷിബിൻലാലിന്റെ പള്ളിപ്പുറത്തെ വീട്ടില്‍നിന്ന് ഒരുകിലോമീറ്ററോളം അകലെയുള്ള ഉള്ളാട്ടില്‍ പറമ്ബില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്ലാസ്റ്റിക് ചാക്കിലാക്കി കുഴിച്ചിട്ടനിലയിലായിരുന്നു പണം. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രാവിലെ 11 മണിയോടെയായിരുന്നു പ്രതിയുമായി പോലീസ് സംഘം സ്ഥലത്തെത്തിയത്. 39 ലക്ഷം രൂപയോടൊപ്പം ചെക്ക് ലീഫുകളും വിവിധ സ്ഥാപനങ്ങളുടെ റബ്ബർ സീലുകളും ഇവിടെനിന്ന് കിട്ടിയിട്ടുണ്ട്. 55,000 രൂപ നേരത്തെ ഷിബിൻലാലില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. 45,000 രൂപ മൂന്നാംപ്രതി ദിനരഞ്ജുവിന് കൊടുത്തതായി ഇയാള്‍ പോലീസിന് മൊഴിനല്‍കിയിരുന്നു.
ചൊവ്വാഴ്ചയാണ് സിനിമാക്കഥയെ വെല്ലുന്ന ‘ക്ലൈമാക്സി’ലെത്തിയത്. ഷിബിൻലാല്‍ 80 ലക്ഷംരൂപ നല്‍കാനുള്ള ഒരു സ്ഥാപനത്തില്‍ 35 ലക്ഷംരൂപ കൊടുത്താല്‍ ഇടപാട് തീർക്കാൻ കഴിയുമോയെന്ന് ഇടനിലക്കാരൻ മുഖേന അന്വേഷിച്ചെന്ന വിവരം സിറ്റി പോലീസ് കമ്മിഷണർക്ക് ലഭിച്ചു. അതോടെയാണ് പോലീസ് മൂന്നാം തവണയും ഷിബിൻലാലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തത്. തുടർന്നായിരുന്നു കുറ്റസമ്മതം. ജൂണ്‍ 11-നാണ് കവർച്ച നടന്നത്. മൂന്നാംദിവസംതന്നെ ഷിബിൻലാലിനെയും പിന്നീട് ഭാര്യ കൃഷ്ണലേഖ, ബന്ധു ദിനുരഞ്ജു എന്നിവരെയും അറസ്റ്റുചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാര്യ പ്രതിയാവാൻ പോവുകയാണെന്ന വിവരമറിഞ്ഞിട്ടുപോലും പോലീസിനോട് സത്യം തുറന്നുപറയാതെ ഷിബിൻലാല്‍ പിടിച്ചുനിന്നു. കുഴിച്ചിട്ട പണം ആർക്കും കണ്ടെത്താൻ സാധിക്കില്ലെന്ന ധാരണയായിരുന്നു പ്രതിക്ക്. തനിക്ക് ഇസാഫ് ബാങ്കുകാർ ഒരുലക്ഷം രൂപമാത്രം തന്ന് പറ്റിക്കുകയായിരുന്നുവെന്ന നിലപാടിലായിരുന്നു ആദ്യംമുതലേ ഷിബിൻലാല്‍. അങ്ങനെയെങ്കില്‍ ഒളിവില്പ്പോയതെന്തിനെന്ന ചോദ്യത്തിന് പ്രതിക്ക് മറുപടിയുണ്ടായിരുന്നില്ല.
ഇസാഫ് ബാങ്കുകാരോട് 40 ലക്ഷംരൂപയുടെ സ്വർണം പണയത്തിലുണ്ടെന്നുപറഞ്ഞ് വിശ്വസിപ്പിക്കുകയും വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തതിനായിരുന്നു ഷിബിൻലാലിന്റെ ഭാര്യ കൃഷ്ണപ്രിയയെ പ്രതിചേർത്തത്. കവർച്ചയുടെ രണ്ടുദിവസംമുൻപ് കൃഷ്ണപ്രിയ ഇസാഫില്‍ അക്കൗണ്ട് തുടങ്ങുകയും ചെയ്തിരുന്നു. കവർച്ചയുടെ അന്ന് രാത്രി പ്രതിയെ പാലക്കാട്ടേക്ക് സ്കൂട്ടറില്‍ രക്ഷപ്പെടാൻ സഹായിച്ചതിനായിരുന്നു ദിനുരഞ്ജുവിനെ (കുട്ടാപ്പി) അറസ്റ്റുചെയ്തത്.
സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ ഷിബിൻലാല്‍ തന്റെ മൂന്ന് ഫോണും ഓഫ് ചെയ്തിരുന്നു. പിന്നീട് രാത്രി 9.30 വരെ മറ്റാർക്കുമറിയാത്ത ഒരു നമ്ബർ ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. തന്റെ ചെലവിന് ഒരുലക്ഷംരൂപ ഷിബിൻലാല്‍ മാറ്റിവെച്ചശേഷം കുട്ടാപ്പിപോലും അറിയാതെ ബാക്കി 39 ലക്ഷം വീടിന് ഒരുകിലോമീറ്ററോളം അകലെയുള്ള ഒരു സ്വകാര്യവ്യക്തിയുടെ പറമ്ബില്‍ ഒളിപ്പിച്ചശേഷം കുട്ടാപ്പിയുടെ കൂടെ സ്കൂട്ടറില്‍ പാലക്കാട്ടേക്കു കടക്കുകയായിരുന്നു. രാത്രിതന്നെ പോലീസിന് ഈ വിവരം ലഭിച്ചു. ഷിബിൻലാലിനെ പിന്തുടർന്ന് മൂന്നാംദിവസം 55,000 രൂപയുമായി അറസ്റ്റുചെയ്യാനായി. 45,000 രൂപ വീട്ടുചെലവിലേക്കും മറ്റുമായി കുട്ടാപ്പിയെ ഏല്‍പ്പിച്ചിരുന്നു. ഷിബിൻലാലിനെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ കുട്ടാപ്പി മഹാരാഷ്ട്രയിലേക്ക് കടന്നു. തുടർന്ന് കുടുംബത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാൻ തലേന്ന് രഹസ്യമായി വന്നപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.
ഫറോക്ക് അസി. കമ്മിഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള ക്രൈംസ്ക്വാഡും പന്തീരാങ്കാവ് സിഐ കെ. ഷാജു, എസ്ഐ പ്രശാന്ത് എന്നിവരും ചേർന്ന് പരിശോധിച്ചത് 324 ക്യാമറകള്‍. ഇതില്‍ പാലക്കാട്ടേക്കുപോയ വഴിയിലുള്ള ക്യാമറകളില്‍ രാത്രിയായതിനാല്‍ കവർച്ച ചെയ്ത ബാഗുണ്ടോ എന്ന് മനസ്സിലാക്കാൻ സാധിച്ചിരുന്നില്ല. കൂടാതെ, കനത്തമഴയും ദൃശ്യങ്ങള്‍ സങ്കീർണമാക്കി.
71 മൊബൈല്‍ഫോണുകളുടെ കോള്‍ വിവരങ്ങളും ലൊക്കേഷനും പരിശോധനയ്ക്കു വിധേയമാക്കി വിശദമായ അന്വേഷണമാണ് പോലീസ് നടത്തിയത്. പ്രതിയുടെ സാമ്ബത്തിക ഇടപാടുകളെപ്പറ്റിയും സൂക്ഷ്മപരിശോധന നടത്തിയിരുന്നു. ഒന്നരക്കോടിയോളം രൂപയുടെ കടബാധ്യത പ്രതിക്കുണ്ടായിരുന്നു. അതില്‍ ഏതെങ്കിലും ഇടപാടുകള്‍ നടക്കുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷണം നടത്തിക്കൊണ്ടിരുന്നു. ആ സമയത്താണ് സിറ്റി കമ്മിഷണർക്ക് ഷിബിൻലാലിന് ഇടപാടുള്ള ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ 80 ലക്ഷത്തിനു പകരം 35 ലക്ഷം ഒറ്റത്തവണ അടച്ചാല്‍ ഇടപാടു തീർക്കാനാകുമോ എന്ന് ഷിബിൻലാലിനുവേണ്ടി ആരോ അന്വേഷിച്ചതായി വിവരം ലഭിച്ചത്. ഇത് അന്വേഷണത്തില്‍ നിർണായക വഴിത്തിരിവായി. ഈ സമയത്തുതന്നെയാണ് കൊണ്ടോട്ടി ഭാഗത്തുനിന്നുമുള്ള സിസിടിവി ദൃശ്യത്തില്‍ പ്രതികള്‍ പണമടങ്ങിയ ബാഗില്ലാതെ യാത്രചെയ്യുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. രണ്ടും മൂന്നും പ്രതികളില്‍നിന്ന് കിട്ടിയ സൂചനകളും ഈ വിവരങ്ങളും കൂട്ടിച്ചേർത്ത് വീണ്ടും തിങ്കളാഴ്ച പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. തെളിവെടുപ്പിനുശേഷം ബുധനാഴ്ച പ്രതിയെ തിരിച്ച് കോടതിയില്‍ ഹാജരാക്കും.
പന്തീരാങ്കാവ് ഇൻസ്പെക്ടർ ഷാജു, എസ്ഐ പ്രശാന്ത്, സിവില്‍ പോലീസുകാരായ നിഖില്‍, നീതു എന്നിവരും എസിപി സ്ക്വാഡിലെ അംഗങ്ങളായ എസ്ഐ സുജിത്, എഎസ്ഐമാരായ അരുണ്‍കുമാർ മാത്തറ, ബിജു കുനിയില്‍, പ്രതീഷ്, സിവില്‍ പോലീസുകാരായ ഐ.ടി. വിനോദ്, അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖില്‍ ബാബു, അഖില്‍ ടി. ആനന്ദ് എന്നിവരുമാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.