കോട്ടയം : ബാങ്കുകളിൽ നിലവിലുള്ള രണ്ട് ലക്ഷം ഒഴിവുകൾ നികത്തുക, കരാർ തൊഴിൽ സമ്പ്രദായം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ രാജ്യ വ്യാപകമായി 4 ദിവസം പണിമുടക്കും. ഡിസംബർ 4 മുതൽ 11 വരെ വിവിധ ബാങ്ക് തല പണിമുടക്കങ്ങളും, ജനുവരി രണ്ടു മുതൽ 6 വരെ മേഖലാ പണിമുടക്കങ്ങളും, ജനുവരി 19,20 തീയതികളിൽ രണ്ട് ദിവസത്തെ ദേശീയ പണിമുടക്കവുമാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിട്ടുള്ളത്.
സമരത്തിന് മുന്നോടിയായി നടന്ന ജില്ലാതല കൺവെൻഷൻ, എ ഐ ടി യു സി സംസ്ഥാന സെക്രട്ടറിയും, സി പി ഐ കോട്ടയം ജില്ലാ സെക്രട്ടറിയുമായ അഡ്വ. വി ബി ബിനു ഉദ്ഘാടനം ചെയ്തു. പ്രതിവർഷം രണ്ടുകോടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇന്ന് ബാങ്കിംഗ് ഉൾപ്പെടെയുള്ള സമസ്ത തൊഴിൽ മേഖലകളിലും ലക്ഷക്കണക്കിന് ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. വർഷാവർഷം പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളോടും, തൊഴിൽരഹിതരായ നാട്ടിലെ ചെറുപ്പക്കാരോടും കാട്ടുന്ന വലിയ അനീതിയാണ് ഈ നിയമന നിരോധനം. ബാങ്കുകളിലുള്ള നിയമന നിരോധനത്തിനെതിരെ എ ഐ ബി ഇ എ യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭ പരിപാടികൾക്കും, പണിമുടക്ക് സമരങ്ങൾക്കും നാട്ടിലെ തൊഴിലാളി പ്രസ്ഥാനങ്ങളും, യുവജന – വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെയും, നാട്ടിലെ ജനങ്ങളുടെയും പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എ ഐ ബി ഇ എ നടത്തുന്ന സമരപരിപാടികൾക്ക് പിന്തുണയർപ്പിച്ചുകൊണ്ട് എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സ. രഞ്ജിത്ത് കുമാർ, എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ആഷിക് ബി തുടങ്ങിയ യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ നേതൃ സഖാക്കളും സംസാരിച്ചു. സമരത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറത്തിറക്കിയ ലഘുലേഖയുടെ പ്രകാശനം എ കെ ബി ഇ എഫ് സംസ്ഥാന അസി. സെക്രട്ടറി എസ്. പിങ്കി, എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റ് സ. രഞ്ജിത് കുമാറിന് കൈമാറി നിർവഹിച്ചു. എ കെ ബി ഇ എഫ് കോട്ടയം ജില്ലാ ചെയർമാൻ സ. സന്തോഷ സെബാസ്റ്റ്യൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്. ഹരിശങ്കർ, യു എഫ് ബി യു ജില്ലാ കൺവീനർ ജോർജി ഫിലിപ്പ് , എ കെ ബി ഇ എഫ് ജില്ലാ വൈസ് ചെയർമാൻ സ. വിജയ് വി ജോർജ് തുടങ്ങിയവർ സംസാരിച്ചു.