കോട്ടയം : പച്ചക്കറികളും പൂച്ചെടികളും ശലഭാരാമവുമൊക്കെച്ചേർന്ന് വർണ്ണോത്സവമൊരുക്കുന്ന കാഴ്ചയാണ് ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീമിന്റെ ജൈവാരാമത്തിൽ. പങ്കാളിത്ത ഗ്രാമമായ കൂരോപ്പടയിലെ പതിനേഴാം വാർഡിൽ 30 സെൻറ് സ്ഥലത്ത് ആരംഭിച്ച ജൈവാരാമത്തിൽ ബന്ദി, വാടാമല്ലി, ചീര, വിവിധതരം വെണ്ടകൾ, കുറ്റിപ്പയർ, വഴുതന, പാവൽ, മധുരച്ചോളം, നിത്യവഴുതന, പച്ചമുളക്, മത്തൻ തുടങ്ങി ജൈവവൈവിധ്യങ്ങളുടെ നിറവാണ്. പൂക്കളും പൂമ്പാറ്റകളും പച്ചക്കറികളും നിറഞ്ഞ ജൈവാരാമത്തിൽ ഇപ്പോൾ കുറ്റിമുല്ലക്കൃഷിയും ആരംഭിച്ചു. ജൈവാരാമം പ്രോജക്ടിന്റെ ചുമതല വഹിക്കുന്ന നൃപൻ ചക്രവർത്തി ആദ്യ തൈ നട്ടുകൊണ്ട് കുറ്റിമുല്ലക്കൃഷിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം ഓഫീസർ ഡോ മഞ്ജുഷ വി പണിക്കർ, വോളന്റിയർ സെക്രട്ടറി ഷിജിൻ കുമാർ എന്നിവരും പങ്കെടുത്തു.