സഭാ തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി അട്ടിമറിക്കാനുളള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ; ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധ പ്രമേയം പാസാക്കി

കോട്ടയം: സുപ്രീം കോടതി വിധി മറികടന്ന് നിയമനിര്‍മ്മാണം വഴി മലങ്കര സഭാ തര്‍ക്കം പരഹരിക്കാനുളള ശ്രമങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന സഭാ മാനേജിങ് കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ. സുപ്രീം കോടതി വിധി മറികടക്കുന്ന നിയമനിര്‍മ്മാണത്തെ കേരളത്തിലെ പൊതുസമൂഹം ആശങ്കയോടെയാണ് കാണുന്നതെന്നും കാതോലിക്കാ ബാവാ പറഞ്ഞു. സഭയുടെ 2022 -2023 സാമ്പത്തിക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. യുക്രൈനില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങ് നല്‍കുന്നത് ഉള്‍പ്പെടെ വിവിധ ക്ഷേമ പദ്ധതികള്‍ ഉള്‍കൊളളിച്ചുകൊണ്ടുളള 916 കോടി രൂപയുടെ ബജറ്റ് യോഗം പാസാക്കി.

Advertisements

സഭയിലെ അര്‍ഹരായ വിധവകള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കും. ആഗോളതാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സഭയുടെ ഇക്കേളജിക്കല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഹരിത ഓഡിറ്റിംഗ് നടത്തുന്നതിന് തുക അനുവദിച്ചു. നെല്‍-ക്ഷീര കര്‍ഷകരെ ആദരിക്കുന്നതിനും തുക വകയിരുത്തി. സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനലിന്റെ സാധ്യതാ പഠനത്തിനും തുക അനുവദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട 7 പേര്‍ക്ക് ജൂണ്‍ 2-ന് പരുമലയില്‍ വച്ച് റമ്പാന്‍ സ്ഥാനം നല്‍കും. ജൂലൈ 28-ന് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് ഇവരെ മെത്രാപ്പോലീത്താമാരായി വാഴിക്കും. പുതുതായി രൂപീകരിക്കുന്ന അസോസിയേഷന്റെ പ്രഥമ യോഗം ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറാങ്കണത്തില്‍ നടക്കും. വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കും. മാനേജിങ് കമ്മിറ്റി അംഗങ്ങളായിരുന്ന ഫാ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, ഡോ. സി. ജെ. റോയി, പ്രൊഫ. കെ. കെ. വര്‍ക്കി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം പൊതുജനാഭിപ്രായം തേടിയുളള സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ മാനേജിങ് കമ്മിറ്റിയുടെ പ്രതിഷേധ പ്രമേയം അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു.

മലങ്കരസഭാ കേസില്‍ വിശദമായ പരിശോധനകള്‍ക്കും വ്യവസ്ഥാപിതമായ കോടതി വ്യവഹാരങ്ങള്‍ക്കും ശേഷം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് അനുകൂലമായി ബഹുമാനപ്പെട്ട സുപ്രീം കോടതി നീതിപൂര്‍വ്വം പുറപ്പെടുവിച്ച അന്തിമ വിധി അട്ടിമറിക്കുന്നതിനായി ഭരണപരിഷ്‌കാര കമ്മീഷന്‍ ദുരുദ്ദേശപരവും പക്ഷപാതപരവുമായി ശുപാര്‍ശ ചെയ്ത നിയമ നിര്‍മ്മാണത്തെക്കുറിച്ച് പൊതുജന അഭിപ്രായം ക്ഷണിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് പ്രതിഷേധാര്‍ഹമാണ്. രാജ്യത്തിന്റെ നിയമമായ സുപ്രീംകോടതി വിധി നടപ്പാക്കുവാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍, പ്രസ്തുത വിധിയെക്കുറിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതു തന്നെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും ജുഡീഷ്യറിയോടുള്ള അവഹേളനവും ഭരണഘടനാ ലംഘനവുമാണ്.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കാലതാമസം വരുത്തുവാന്‍ മാത്രം ഉദ്ദേശിച്ചുള്ളതും കേട്ടുകേള്‍വിപോലുമില്ലാത്തതും പക്ഷപാതപരവും നിയമപരമായ നിലനില്പ് ഇല്ലാത്തതുമായ നിയമനിര്‍മ്മാണം എന്ന നിയമ പരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശയ്ക്കെതിരെയും പ്രസ്തുത ശുപാര്‍ശയെകുറിച്ച് സര്‍ക്കാര്‍ ഏകപക്ഷീയമായി നടത്തുന്ന പൊതുജനാഭിപ്രായം സ്വീകരിക്കല്‍ എന്ന നടപിക്കെതിരെയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇന്ന് സമ്മേളിക്കുന്ന മാനേജിംഗ് കമ്മറ്റിയുടെ ഈ യോഗം ഐകകണ്ഠ്യേന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ച്, അഞ്ച് വര്‍ഷം പൂര്‍ത്തിയാകാറാവുകയും വിധി നടത്തിപ്പ് പുരോഗമിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ആയതിനെ അട്ടിമറിക്കുവാനും ഒരു വിഭാഗത്തെ സംരക്ഷിക്കുവാനും നടത്തുന്ന ഈ കുല്‍സിത നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണമെന്നും ആവശ്യപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.