ബെയ്റൂട്ട് : ഇറാനിയന്‍ വിമാനങ്ങള്‍ക്ക് ബെയ്റൂട്ടില്‍ ഇറങ്ങാന്‍ ലെബനന്‍ അനുമതി നിഷേധിച്ചതായി റിപ്പോര്‍ട്ട്. ഇറാന്‍ വിമാനങ്ങള്‍ വെടിവച്ചുവീഴ്ത്തുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയതോടെയാണ് ലെബനന്‍ സര്‍ക്കാര്‍ തീരുമാനം കടുപ്പിച്ചത്.ഇറാന്‍ വിമാനം ലെബനനില്‍ ഇറങ്ങിയാല്‍ വിമാനത്താവളം ലക്ഷ്യമിടുമെന്ന് അമേരിക്ക വഴി ഇസ്രയേല്‍ ലെബനന്‍ ഭരണകൂടത്തെ അറിയിച്ചുവെന്നാണ് ലെബനനുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.
ഇറാന് എതിരെയുള്ള ഇസ്രയേല്‍ ഭീഷണി വളരെ ഗൗരവകരമാണെന്ന് അമേരിക്ക ലെബനനിനെ അറിയിച്ചതായാണ് വിവരം. ഇസ്രയേലിന്റെ മുന്നറിയിപ്പ് സംബന്ധിച്ച് പ്രധാനമന്ത്രിയുമായും പ്രസിഡന്റുമായും കൂടിയാലോചിച്ച ശേഷം ലെബനന്റെ പൊതുമരാമത്ത്, ഗതാഗത മന്ത്രാലയം വിമാനത്തിന് അനുമതി നിഷേധിച്ചുവെന്ന് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ചയും ഇറാനില്‍ നിന്നുള്ള വിമാനത്തിന് ലെബനനില്‍ ഇറങ്ങുന്നതിന് അനുമതി നിഷേധിച്ചിരുന്നു. ഇത് ലെബനനില്‍ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഗ്രൂപ്പിന്റെ അനുയായികളില്‍ നിന്ന് പ്രതിഷേധത്തിന് കാരണമായി. ലെബനന്‍ പൗരന്മാരുടെ സുരക്ഷ തങ്ങള്‍ക്ക് അതിപ്രധാനമായ കാര്യമാണെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, ഇറാനില്‍ നിന്ന് ആയുധങ്ങള്‍ കൊണ്ടുവരാന്‍ ഹിസ്ബുള്ള ബെയ്‌റൂട്ടിലെ വിമാനത്താവളം ഉപയോഗിച്ചതായി ഇസ്രയേല്‍ പലതവണ ആരോപിച്ചിട്ടുണ്ട്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ശത്രുതയ്ക്കും രണ്ട് മാസത്തെ തുറന്ന യുദ്ധത്തിനും ശേഷം നവംബര്‍ 27 മുതല്‍ ലെബനനില്‍ ദുര്‍ബലമായ ഒരു വെടിനിര്‍ത്തല്‍ നിലവിലുണ്ട്.