പക്ഷിപ്പനി: 9691 പക്ഷികളെ ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു; പക്ഷിപ്പനി ബാധിതമേഖലയിലെ മുഴുവൻ പക്ഷികളെയും ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു:  9680 മുട്ട, 10298.25 കിലോ കോഴിത്തീറ്റ, 57 ടൺ വളം എന്നിവയും ശാസ്ത്രീയമായി മറവുചെയ്തു

കോട്ടയം: പക്ഷിപ്പനിയെത്തുടർന്ന് മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു.  

Advertisements

പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ 9175 കോഴികളെയാണ് ദയാവധം ചെയ്ത് സംസ്‌ക്കരിച്ചത്. പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും 516 കോഴിയടക്കമുള്ള വളർത്തുപക്ഷികളെയും ദയാവധം ചെയ്ത് സംസ്‌ക്കരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. കെ.എം. വിജിമോളുടെ നേതൃത്വത്തിൽ രണ്ടു ദ്രുതകർമസംഘങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരമുള്ള നടപടികൾ നിർവഹിച്ചത്. ഒരു വെറ്ററിനറി സർജൻ, രണ്ട് ലൈവ് സ്‌റ്റോക് ഇൻസ്‌പെക്ടർമാർ, നാലു തൊഴിലാളികൾ എന്നിവരാണ് ഒരു സംഘത്തിലുണ്ടായിരുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെ രണ്ടുമാസത്തിൽ താഴെ പ്രായമുള്ള 1578 കോഴികളെയും രണ്ടുമാസത്തിനു മുകളിൽ പ്രായമുള്ള 7597 കോഴികളെയുമാണ് ദയാവധത്തിന് വിധേയമാക്കിയത്. 

ഇവിടെ സൂക്ഷിച്ചിട്ടുള്ള 9670 മുട്ട, 10255.25 കിലോ കോഴിത്തീറ്റ, 57 ടൺ വളം എന്നിവയും ശാസ്ത്രീയമായി മറവുചെയ്തു. പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ അണുനശീകരണപ്രവർത്തനങ്ങൾ തുടരുകയാണെന്ന് ഡോ. കെ.എം. വിജിമോൾ പറഞ്ഞു.

പക്ഷിപ്പനി ബാധിതമേഖലയായ മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡിലെ 504 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചു. രണ്ടുമാസത്തിനു മുകളിൽ പ്രായമുള്ള 466 കോഴികളെയും രണ്ടുമാസത്തിൽ താഴെ പ്രായമുള്ള 38 കോഴികളെയുമാണ് നശിപ്പിച്ചത്. പുതുപ്പള്ളി രണ്ട്, മൂന്ന് വാർഡിലെ 12 വളർത്തുപക്ഷികളെയാണ് ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്‌ക്കരിച്ചത്. ഒൻപതു കോഴികളെയും മൂന്നുപ്രാവുകളെയും ദയാവധം ചെയ്ത് ശാസ്ത്രീയമായി മറവുചെയ്തു. 10 മുട്ടയും 43 കിലോ കോഴിത്തീറ്റയും മറവുചെയ്തു.   അണുനശീകരണപ്രവർത്തനങ്ങൾ നടത്തി.

കോഴി വളർത്തൽ കേന്ദ്രത്തിലെ കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.

മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ 12,13,14 വാർഡിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡിലെയും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചിട്ടുണ്ട്.

നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ മറ്റുവാർഡുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും മേയ് 29 വരെ കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും  നിരോധിച്ചിട്ടുണ്ട്.

Hot Topics

Related Articles