ന്യൂഡൽഹി: വീണ്ടും വാർത്തകളിൽ ഇടം പിടിച്ച് ടെലിഗ്രാം സിഇഒ പാവൽ ദുറോവ്. തന്റെ ബീജം സ്വീകരിക്കുന്ന സ്ത്രീകൾക്ക് സൗജന്യ ഐവിഎഫ് (ഇൻ വിട്രോ ഫെർട്ടിലൈസേഷൻ) ചികിത്സ ഉറപ്പാക്കുമെന്നാണ് പാവൽ ദുറോവിൻറെ വാഗ്ദാനം.
ഇതോടെ ദുറോവിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുകയാണ്. മോസ്കോ ആസ്ഥാനമായുള്ള അൾട്രാവിറ്റ ഫെർട്ടിലിറ്റി ക്ലിനിക്കുമായി ചേർന്നാണ് പാവൽ ദുറോവ് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്തിരിക്കുന്നത്.
വന്ധ്യത കാരണം പ്രയാസം അനുഭവിക്കുന്ന ദമ്ബതിമാരെയും സ്ത്രീകളെയും സഹായിക്കാനാണ് ഈ തീരുമാനമെന്നാണ് റിപ്പോർട്ട്. 37 വയസ്സിന് താഴെയുള്ള സ്ത്രീകൾക്കാണ് പാവൽ ദുറോവിന്റെ ബീജം ഉപയോഗിച്ച് ക്ലിനിക്ക് സൗജന്യ ഐവിഎഫ് ചികിത്സ വാഗ്ദാനം ചെയ്യുന്നത്. തങ്ങളുടെ ക്ലിനിക്കിൽ മാത്രമേ സൗജന്യമായി ഈ ചികിത്സ ചെയ്യാൻ കഴിയൂവെന്നും സ്ലോട്ടുകളുടെ എണ്ണം പരിമിതമാണെന്നും ക്ലിനിക്കിന്റെ വെബ്സൈറ്റിൽ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചികിത്സയ്ക്കിടെ ഏറ്റവും മികച്ച പരിചരണവും വിദഗ്ധരായ ഡോക്ടർമാരുടെ സേവനവും ക്ലിനിക്ക് ഉറപ്പുനൽകുന്നുണ്ട്. ഡോക്ടറുമായുള്ള കൂടിക്കാഴ്ചയിൽ ഐവിഎഫ് ചികിത്സയെക്കുറിച്ച് വിശദീകരിക്കുകയും ആവശ്യമായ ടെസ്റ്റുകൾ നടത്തുകയും ചെയ്യും. ഇതിനുശേഷമായിരിക്കും ചികിത്സയ്ക്ക് യോഗ്യയാണോ എന്നതിൽ തീരുമാനമെടുക്കുകയെന്നും ക്ലിനിക്ക് അധികൃതർ വിശദമാക്കി.
തനിക്ക് 100-ൽ ഏറെ മക്കളുണ്ടെന്ന പാവൽ ദുറോവിന്റെ വെളിപ്പെടുത്തൽ നേരത്തേ ചർച്ചയായിരുന്നു. ബീജം ദാനം ചെയ്യുന്നതിൽ ഖേദിക്കേണ്ടതില്ലെന്നും ആരോഗ്യമുള്ള ബീജത്തിന്റെ ക്ഷാമം ലോകം നേരിടുന്ന ഗുരുതരമായ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് പരിഹരിക്കാൻ തനിക്ക് സാധ്യമായത് ചെയ്യാനായതിൽ അഭിമാനമുണ്ടെന്നും പാവൽ ദുറോവ് നേരത്തേ വ്യക്തമാക്കിയിരുന്നു.