ഡല്‍ഹി : പശ്ചിമ ബംഗാളില്‍ ഇൻഡ്യ സഖ്യം തകരാതിരിക്കാൻ ശ്രമം ശക്തമാക്കി കോണ്‍ഗ്രസ്. പാർട്ടിക്ക് എതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.ദേശീയ തലത്തില്‍ ആർ.എസ്.എസ് വിചാരധാരയെ എതിർക്കാനാണ് ഇൻഡ്യ മുന്നണിയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.
നിരന്തരം കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന മമത ബാനർജിയുടെ നിലപാടില്‍ തെല്ലും അയവ് വന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകള്‍ നല്‍കാമെന്ന മമതയുടെ വാഗ്ദാനം കോണ്‍ഗ്രസ് അംഗീകരിക്കാത്ത സാഹചര്യത്തില്‍ മുഴുവൻ സീറ്റുകളിലും മല്‍സരിക്കാൻ ആണ് തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനം. ബംഗാളിലെ 40 ലോക്സഭാ സീറ്റുകളിലും കോണ്‍ഗ്രസ് വിജയിക്കുമോ എന്നാണ് തൻ്റെ ആശങ്കയെന്നും മമത പരിഹസിച്ചു. മുന്നണിയില്‍ നിന്ന് പുറത്ത് പോകാൻ മമത കാരണങ്ങള്‍ കണ്ടെത്തുന്നു എന്ന് രാഹുല്‍ ഗാന്ധിയെ കണ്ട് പറഞ്ഞ ബംഗാളിലെ സി.പി.എം നേതൃത്വത്തെയും മമത വിമർശിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇൻഡ്യ മുന്നണിയില്‍ കോണ്‍ഗ്രസിനും തനിക്കും ഇടയില്‍ ഭിന്നിപ്പ് ഉണ്ടാക്കുന്നത് സിപിഎം ആണെന്ന് മമത ആരോപിച്ചു. മമതയുടെ ആരോപണങ്ങള്‍ക്ക് അതെ ഭാഷയില്‍ മറുപടി നല്‍കിയാല്‍ മുന്നണിയെ അത് ബാധിക്കുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ട്. മമതയുടെ വിമർശനങ്ങള്‍ സംസ്ഥാന രാഷ്ട്രീയം സംബന്ധിച്ച് മാത്രമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പല്ല നടക്കാൻ പോകുന്നതെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പൊതു എതിരാളിയായി കാണാൻ ആണ് ഇൻഡ്യ മുന്നണി ശ്രമിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.