കൊല്‍ക്കത്ത: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റിമാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും. 110 മുതല്‍ 135 കീലോമിറ്റർ വേഗതയിലാകും കാറ്റ് കരതൊടാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.അടുത്ത ആറ് മണിക്കൂറിനുള്ളില്‍ ശക്തമായ ചുഴലിക്കാറ്റായി ഇത് മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‍റെ ഭാഗമായി പശ്ചിമ ബംഗാളിലും ഒഡീഷയിലും ബംഗ്ലാദേശിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.
കാലാവസ്ഥാ വകുപ്പ് പറയുന്നതനുസരിച്ച്, ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍, തീരദേശ ബംഗ്ലാദേശ്, ത്രിപുര, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മറ്റ് ചില ഭാഗങ്ങള്‍ എന്നിവയെ സാരമായി ബാധിക്കും. എന്നാല്‍, കാറ്റ് കേരളത്തിനെ ബാധിക്കില്ലെന്നാണ് നിഗമനം. കാറ്റിന്‍റെ ശക്തി ചൊവ്വാഴ്ചയോടെ കുറയും. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് വിലക്കുണ്ട്. മുന്നറിയിപ്പ് സമയങ്ങളില്‍ ആളുകള്‍ വീട്ടില്‍ തന്നെ തുടരാനും പുറത്തിറങ്ങുന്നത് ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുഴലിക്കാറ്റ് കണക്കിലെടുത്ത് കൊല്‍ക്കത്ത വിമാനത്താവളം ഞായറാഴ്ച മുതല്‍ 21 മണിക്കൂർ വിമാന സർവീസുകള്‍ നിർത്തിവച്ചതായി അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മണ്‍സൂണിന് മുമ്ബുള്ള ആദ്യ ചുഴലിക്കാറ്റാണ് ‘റിമാല്‍’ . ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചുഴലിക്കാറ്റുകള്‍ക്ക് പേരിടുന്ന സമ്ബ്രദായമനുസരിച്ച്, ‘റിമാല്‍’ എന്നാല്‍ അറബിയില്‍ ‘മണല്‍’ എന്നാണ് അർത്ഥമാക്കുന്നത്.