ചെന്നൈയിൽ അശ്വിൻ തീയായി ! ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യ കൈപ്പിടിയിലൊതുക്കി 

ചെന്നൈ : സ്വന്തംനാട്ടില്‍ രവിചന്ദ്രൻ അശ്വിൻ നടത്തിയ ഓള്‍റൗണ്ട് മികവില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരം ഇന്ത്യ കൈപ്പിടിയിലൊതുക്കി.നാലാംദിനം ആദ്യ സെഷനില്‍ത്തന്നെ കളിതീർന്നപ്പോള്‍ 280 റണ്‍സിനാണ് ഇന്ത്യൻ ജയം. നാലിന് 158 എന്ന നിലയില്‍ ഞായറാഴ്ച കളിയാരംഭിച്ച ബംഗ്ലാദേശിന് ടോട്ടല്‍ 234 റണ്‍സേ നേടാനായുള്ളൂ. രണ്ടാം ഇന്നിങ്സില്‍ ആറുവിക്കറ്റ് നേടിയ അശ്വിനാണ് കടുവകളെ കീറിയത്. ക്യാപ്റ്റൻ നജ്മുല്‍ ഹുസൈൻ ഷാന്റോയുടെ (127 പന്തില്‍ 82) ഇന്നിങ്സ് മാത്രം ബംഗ്ലാദേശ് നിരയില്‍ വേറിട്ടുനിന്നു.

Advertisements

സാക്കിർ ഹസൻ (33), ശദ്മാൻ ഇസ്ലാം (35), മൊമീനുല്‍ ഹഖ് (13), മുഷ്ഫിഖുർറഹീം (13) എന്നിവർ മൂന്നാംദിനംതന്നെ പുറത്തായിരുന്നു. തുടർന്ന് നാലാംദിനം ഷാക്കിബും ഷാന്റോയും ചേർന്ന് നേരിയ പ്രതീക്ഷയുള്ള തുടക്കം നല്‍കിയെങ്കിലും, അശ്വിനെത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. 25 റണ്‍സോടെ ഷാക്കിബ് ആദ്യം മടങ്ങിയപ്പോള്‍, എട്ടാമനായാണ് നജ്മുല്‍ ഹുസൈൻ പുറത്തായത്. ലിറ്റണ്‍ ദാസ് (1), മെഹിദി ഹസൻ മിറാസ് (8), തസ്കിൻ അഹ്മദ് (5) എന്നിവരും മടങ്ങിയതോടെ മത്സരത്തിന്റെ വിധിയെഴുത്ത് പൂർണമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

21 ഓവറില്‍ 88 റണ്‍സ് വഴങ്ങിയാണ് അശ്വിന്റെ ആറുവിക്കറ്റ് നേട്ടം. 15.1 ഓവറില്‍ 58 റണ്‍സ് വഴങ്ങി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുമെടുത്തു. ഒന്നാം ഇന്നിങ്സില്‍ ഇരുവരും ബാറ്റുകൊണ്ട് ബംഗ്ലാദേശിന്റെ അന്തകരായപ്പോള്‍, രണ്ടാം ഇന്നിങ്സില്‍ അത് പന്തുകൊണ്ടാക്കി മാറ്റി. രണ്ടുപേരും നടത്തിയ ഓള്‍റൗണ്ട് മികവാണ് നേരത്തെയുള്ള ഈ വിജയം സാധ്യമാക്കിയത്. ആദ്യ ഇന്നിങ്സില്‍ 144-ന് ആറ് എന്ന നിലയില്‍ തകർന്ന ഇന്ത്യയെ അശ്വിന്റെ സെഞ്ചുറിയും (113) ജഡേജയുടെ തകർപ്പൻ പ്രകടനവും (86) റണ്‍സ് ആണ് രക്ഷിച്ചിരുന്നത്. ഇരുവരും ഏഴാംവിക്കറ്റില്‍ 199 റണ്‍സിന്റെ കൂട്ടകെട്ടുയർത്തി.

ബുംറ ആദ്യ ഇന്നിങ്സില്‍ നാലും രണ്ടാം ഇന്നിങ്സില്‍ ഒന്നും അടക്കം അഞ്ച് വിക്കറ്റുകളാണ് ആകെ നേടിയത്. ആദ്യ ഇന്നിങ്സില്‍ രണ്ട് വിക്കറ്റ് നേടിയ ജഡേജയുടെ ആകെ നേട്ടവും അഞ്ചായി. അശ്വിന് ഒന്നാം ഇന്നിങ്സില്‍ വിക്കറ്റ് നേടാൻ സാധിച്ചിരുന്നില്ല. ശുഭ്മാൻ ഗില്ലിന്റെയും ഋഷഭ് പന്തിന്റെയും സെഞ്ചുറികളായിരുന്നു രണ്ടാം ഇന്നിങ്സിലെ ഇന്ത്യയുടെ കരുത്ത്. ഇതിനിടെ രോഹിത് ശർമ, വിരാട് കോലി എന്നിവർക്ക് രണ്ട് ഇന്നിങ്സിലും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല.

നേരത്തേ ആദ്യ ഇന്നിങ്സില്‍ രവിചന്ദ്രൻ അശ്വിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അർധ സെഞ്ചുറിയുടെയും ബലത്തില്‍ 376 റണ്‍സ് ഉയർത്തിയിരുന്നു ഇന്ത്യ. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനെ 149 റണ്‍സെടുക്കാനേ ആയുള്ളൂ. നാലുവിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടുവീതം വിക്കറ്റുകള്‍ നേടിയ മുഹമ്മദ് സിറാജ്, ആകാശ് ദീപ്, രവീന്ദ്ര ജഡേജ എന്നിവരുമാണ് ബംഗ്ലാദേശിനെ എറിഞ്ഞിട്ടത്.

227 റണ്‍സിന്റെ ലീഡോടെ രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 287-ന് നാല് എന്ന നിലയില്‍ ഡിക്ലയർ ചെയ്തു. ശുഭ്മാൻ ഗില്ലിന്റെയും (176 പന്തില്‍ 119*) ഋഷഭ് പന്തിന്റെയും (128 പന്തില്‍ 109) സെഞ്ചുറികളാണ് രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് കരുത്തായത്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി (17) എന്നിവർ രണ്ട് ഇന്നിങ്സിലും നിരാശ പടർത്തിയപ്പോള്‍ ജയ്സ്വാള്‍ ആദ്യ ഇന്നിങ്സില്‍ അർധ സെഞ്ചുറി നേടി. 515 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍വെച്ചത്.

Hot Topics

Related Articles