ഇസ്രയേൽ: ഹമാസിന്റെ വെടിനിർത്തൽ നിർദേശങ്ങൾ തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മാസങ്ങൾക്കുള്ളിൽ വിജയം സാധ്യമാകുമെന്നും ഗസ ഭാവിയിൽ ഇസ്രായേലിന് വെല്ലുവിളിയാകില്ലെന്ന് ഉറപ്പുവരുത്തുക കൂടിയാണ് യുദ്ധലക്ഷ്യമെന്നും നെതന്യാഹു പറഞ്ഞു. യുദ്ധം നിർത്താനുള്ള ഹമാസിന്റെ പദ്ധതികൾ വിചിത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭാ യോഗം ഹമാസ് നിർദേശം ചർച്ച ചെയ്യും.
ദീർഘകാല വെടിനിർത്തലിന് ഇസ്രയേൽ നേതാക്കളെ അനുനയിപ്പിക്കാനുള്ള യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിൻകന്റെ നീക്കം വിജയം കണ്ടില്ല. ഹമാസ് മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ ചിലതിനോട് യോജിപ്പില്ലെങ്കിലും ബന്ദിമോചനം ഉറപ്പാക്കാൻ വെടിനിർത്തൽ അനിവാര്യമാണെന്ന് ഇസ്രയേൽ നേതാക്കളുമായുള്ള ചർച്ചക്കൊടുവിൽ ആൻറണി ബ്ലിൻകൻ പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗസ്സയിൽ കുരുതിയിൽ ആശങ്ക അറിയിച്ച ബ്ലിൻകൻ, ആവശ്യത്തിന് സഹായം ഉറപ്പാക്കാൻ വൈകരുതെന്നും നെതന്യാഹുവിനോട് അഭ്യർഥിച്ചു. വെടിനിർത്തൽ ചർച്ചകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഹമാസ് വ്യവസ്ഥകൾ സംബന്ധിച്ച് ഭിന്നാഭിപ്രായം രൂപപ്പെട്ടതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് യുദ്ധകാര്യ മന്ത്രിസഭാ യോഗം ചേരുന്നുണ്ടെങ്കിലും ഹമാസ് വ്യവസ്ഥകൾക്കനുസൃതമായുള്ള വെടിനിർത്തൽ തള്ളാനാണ് സാധ്യത.