പത്തനംതിട്ട: ശബരിമല പമ്പ ഞുണങ്ങാറിന് കുറുകെ താത്കാലിക ബെയ്ലി പാലം നിര്‍മിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ബെയ്ലി പാലം നിര്‍മിക്കുന്നതിന് തിരുവനന്തപുരത്തെ കരസേന യൂണിറ്റിന് അടിയന്തരമായി അപേക്ഷ നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതേസമയം ബെയ്ലി പാലത്തിന്റെ നിര്‍മാണച്ചെലവ് ആര് വഹിക്കും എന്നതിനെച്ചൊല്ലി സര്‍ക്കാരും ദേവസ്വം ബോര്‍ഡും തര്‍ക്കം തുടരുകയാണ്.
നിര്‍മാണച്ചെലവ് ദേവസ്വം ബോര്‍ഡ് വഹിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍. എന്നാല്‍ പാലത്തിന്റെ മേല്‍നോട്ട ചുമതല ജലവിഭവമവകുപ്പിന് ആണെന്നും ഈ സാഹചര്യത്തില്‍ സര്‍ക്കാരാണ് ചെലവ് വഹിക്കേണ്ടതെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ നിലപാടെടുത്തു. ഇക്കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമെടുക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയില്‍ ഞുണങ്ങാറില്‍ ശബരിമല തീര്‍ഥാടനകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി പണിത താത്കാലിക പാലം ഒഴുക്കി പോയിരുന്നു.