ഭ​ഗവൽ സിം​ഗിന്റെ വീട്ടിൽ കൂടുതൽ മൃതദേഹങ്ങൾ? പറമ്പില്‍ വീണ്ടും പരിശോധന, പ്രത്യേക പരിശീലനം ലഭിച്ച നായകളെ എത്തിക്കും

പത്തനംതിട്ട: ഇലന്തൂരിലെ ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ അന്വേഷണ സംഘം നാളെ വീണ്ടും പരിശോധന നടത്തും. പുരയിടത്തില്‍ കുഴിയെടുത്ത് പരിശോധിക്കാനാണ് തീരുമാനം. കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. പരിശോധനയ്ക്കായി മൃതദേഹം മണത്ത് കണ്ടുപിടിക്കാന്‍ പ്രത്യക പരിശീലനം ലഭിച്ച നായകളെ ഉപയോഗിക്കും. നരബലി കേസിലെ പ്രതികളായ ലൈല, ഷാഫി, ഭഗവല്‍ സിംഗ് എന്നിവരുടെ മൊഴികളില്‍ പരസ്പര വിരുദ്ധമായ കാര്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍പും സമാനമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നത്.
പത്മയേയും റോസ്ലിയേയും സമീപിച്ചതുപോലെ ഷാഫി തങ്ങളെയും സമീപിച്ചിട്ടുണ്ടെന്ന് ആരോപിച്ച ചില സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു. കൂടാതെ റോസ്ലിയുടെയും പത്മയുടെയും സ്വര്‍ണാഭരണങ്ങളള്‍ക്ക് പുറമെ മറ്റ് ചില ആഭരണങ്ങളും ഷാഫി ബാങ്കില്‍ പണയം വെച്ചതായി കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് സംശയ നിവാരണത്തിനായി ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ അന്വേഷണ സംഘം വീണ്ടും പരിശോധന നടത്തുന്നത്. ജെസിബി ഉപയോഗിച്ചും, പ്രത്യേക പരിശീലനം ലഭിച്ച പോലീസ് നായയുടെയും സഹായത്തോടെയാകും പരിശോധന.
വീട്ടുവളപ്പില്‍ പരമാവധി ആഴത്തില്‍ കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. നരബലിക്കിരയായ പത്മയുടെയും റോസ്ലിയുടെയും മൃതദേഹങ്ങള്‍ നിരവധി കഷ്ണങ്ങളാക്കിയ ശേഷം ആഴത്തില്‍ കുഴിയെടുത്ത് അതില്‍ ഉപ്പുവിതറിയ ശേഷമായിരുന്നു മറവ് ചെയ്തത്. മാലിന്യം മറവ് ചെയ്യാനെന്ന് പറഞ്ഞാണ് ആയിരം രൂപ പ്രതിഫലം നല്‍കി അയല്‍വാസിയെക്കൊണ്ട് കുഴിയെടുപ്പിച്ചത്. ആ സാഹചര്യത്തിലാണ് സമാനമായ കുറ്റകൃത്യം മുന്‍പ് നടത്തിട്ടുണ്ടെങ്കില്‍ വീട്ടുവളപ്പില്‍ പരിശോധന നടത്തിയാല്‍ സ്ഥിരീകരിക്കാനാകുമെന്ന് അന്വേഷണ സംഘം കരുതുന്നത്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഷാഫി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രതികളെ നാളെ ഇലന്തൂരിലെ വീട്ടില്‍ എത്തിക്കും.
കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണങ്ങള്‍ പണയം വെച്ചതിന്റെയടക്കം നിര്‍ണായക രേഖകള്‍ ഷാഫിയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. വണ്ടി വിറ്റ പണമെന്ന് പറഞ്ഞ് 40000 രൂപ ഷാഫി വീട്ടില്‍ നല്‍കിയിരുന്നുവെന്ന് ഇയാളുടെ ഭാര്യ മൊഴി നല്‍കിയത്. ഷേണായീസ് റോഡിലെ ഷാഫിയുടെ ഹോട്ടലിലും പരിശോധന നടത്തി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.