ഇലന്തൂര്‍ : ഇരട്ട നരബലി നടന്ന ഭഗവല്‍സിംഗിന്റെ വീടും പറമ്പും പൊലീസ് വളരെ സൂക്ഷ്മമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.അതേസമയം, പരിസരത്തെ അലക്കുകല്ലും ചെമ്പകവും ദുരൂഹതയായി അവശേഷിക്കുന്നു.
സാധാരണയുള്ളതില്‍ നിന്ന് ഇരട്ടിയിലേറെ വലുപ്പത്തിലാണ് ഭഗവല്‍സിംഗിന്റെ വീടിന് പിന്നില്‍ അലക്കുകല്ല് നിര്‍മ്മിച്ചിട്ടുള്ളത്. ആറടിയോളം നീളമുള്ള അലക്കുകല്ല് കല്ലറ മാതൃകയില്‍ കല്ലും സിമന്റും കൊണ്ട് കെട്ടിയുണ്ടാക്കിയതാണ്. മുകള്‍ ഭാഗം പരന്ന നിലയിലും. ഇതിനോട് ചേര്‍ന്ന് ഒരു പൈപ്പ് കണക്ഷനുമുണ്ട്.
രണ്ട് വര്‍ഷത്തിലേറെ നിര്‍മാണപ്പഴക്കം തോന്നിക്കുന്ന അലക്കുകല്ലിന് നാലഞ്ച് അടി മാത്രം അകലെയാണ് കൊല്ലപ്പെട്ട റോസ്ലിയുടെ മൃതദേഹം മറവുചെയ്ത കുഴി. ഈസാഹചര്യത്തില്‍ അലക്കുകല്ലിനടിയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടോയെന്ന സംശയം ഉയരുന്നു. അലക്കുകല്ല് പൊളിച്ചു പരിശോധിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ഥലത്തുള്ള പൊലീസിനും ഇതു സംബന്ധിച്ച് സംശയങ്ങളുണ്ട്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിച്ചിരുന്നു. സാധാരണ വീടുകളോട് ചേര്‍ന്ന് ഇതുപോലെ വലിയ അലക്കു കല്ലുകള്‍ നിര്‍മിച്ചിട്ടുള്ളത് അപൂര്‍വമാണ്. ചോദ്യം ചെയ്യലില്‍ ഭഗവല്‍ സിംഗ് പറഞ്ഞ രണ്ട് സ്ഥലങ്ങളില്‍ കുഴിയെടുത്താണ് മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.
കൂടുതല്‍ സ്ഥലങ്ങളില്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ നായകളെ മണപ്പിച്ച് നടത്തിയ പരിശോധനയില്‍ അസ്വാഭാവികത പ്രകടിപ്പിച്ച മൂന്ന് സ്ഥലങ്ങളില്‍ മണ്ണ് നീക്കി നോക്കിയിരുന്നു. ഇവിടെ യന്ത്രം ഉപയോഗിച്ച് മണ്ണിളക്കാന്‍ തീരുമാനിച്ചാല്‍ അലക്കുകല്ലും പൊളിച്ചു നോക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.