മണർകാട്: ഭക്തജനസാഗരമായി മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ. ചരിത്ര പ്രസിദ്ധമായ എട്ടുനോന്പ് പെരുന്നാളിന്റെ പ്രധാന പെരുന്നാൾ ദിനമായ ഇന്നലെ കത്തീഡ്രലിൽ അത്യപൂർവമായ ഭക്തജനതിരക്കായിരുന്നു അനുഭവപ്പെട്ടത്. പെരുന്നാളിനോടനുബന്ധിച്ചു വര്‍ഷത്തിലൊരിക്കല്‍ മാത്രം വിശ്വാസികള്‍ക്ക് ദര്‍ശനത്തിനായി തുറക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനു നാനാജാതിമതസ്ഥരായ വിശ്വാസികള്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്ന് എത്തിയിരുന്നു. രാത്രി വൈകിയും പള്ളിയിലേക്ക് ഭക്തജനങ്ങളുടെ പ്രവാഹമായിരുന്നു.
സ്കൂളുകൾക്കും കോളജുകൾക്കും ഓണം അവധികൂടെ ആരംഭിക്കുന്നതോടെ കത്തീഡ്രലിലേക്ക് വരും ദിവസങ്ങളിൽ ഭക്തജനപ്രവാഹമായിരിക്കും. വന്നെത്തുന്ന ഭക്തജനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകാനും ക്രമീകരണങ്ങൾക്കുമായി പള്ളി ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ക്രമസമാധാന പരിപാലനത്തിനും ഗതാഗത ക്രമീകരണങ്ങൾക്കുമായി പോലീസിന്റെ സേവനവും വരും ദിവസങ്ങളിൽ ലഭ്യമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്ലീബാ പെരുന്നാൾ ദിനമായ സെപ്റ്റംബർ 14 വരെ വിശ്വാസികൾക്ക് ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദര്‍ശിക്കുന്നതിനു അവസരമുണ്ടായിരിക്കും. 14ന് സന്ധ്യാപ്രാർഥനയെത്തുടർന്നാണ് നട അടയ്ക്കൽ ശുശ്രൂഷ നടക്കുക. 14 വരെ വിശുദ്ധ കുർബാനയ്ക്ക് സഭയിലെ വിവിധ മെത്രാപ്പോലീത്തമാർ മുഖ്യകാർമ്മികത്വം വഹിക്കും. ഇന്ന് രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് അങ്കമാലി ഭദ്രാസനത്തിലെ കോതമംഗലം മേഖലാധിപന്‍ ഏലിയാസ് മോർ യൂലിയോസും നാളെ രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് തുമ്പമണ്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മോര് മിലിത്തിയോസും പ്രധാന കാർമ്മികത്വം വഹിക്കും.
11ന് തൃശൂർ ഭദ്രാസനാധിപന്‍ കുരിയാക്കോസ് മോർ ക്ലിമ്മീസും 12ന് അങ്കമാലി ഭദ്രാസനത്തിലെ ഹൈറേഞ്ച് മേഖലാധിപന്‍ ഏലിയാസ് മോര് അത്താനാസിയോസും 13ന് ഹോണോവര്‍ മിഷന് മെത്രാപ്പോലീത്ത യാക്കോബ് മോര് അന്തോണിയോസും പ്രധാന കാര്‍മ്മികത്വം വഹിക്കും. 14ന് രാവിലെ 7.30ന് വിശുദ്ധ മൂന്നിന്മേല് കുര്‍ബാനയ്ക്ക് ക്നാനായ അതിഭദ്രാസനം കല്ലിശ്ശേരി മേഖലാധിപന്‍ കുറിയക്കോസ് മോര് ഗ്രീഗോറിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് അഞ്ചിന് സന്ധ്യാപ്രാർഥനയ്ക്കും തുടര്‍ന്നുള്ള നടയടയ്ക്കല്‍ ശുശ്രൂഷയ്ക്കും കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മോര് തീമോത്തിയോസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.
1501 പേർ ഉൾപ്പെടുന്ന 15 സബ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു പെരുന്നാൾ ക്രമീകരണങ്ങൾ.
കത്തീഡ്രല്‍ വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ ഇട്ട്യാടത്ത്, സഹവികാരിയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ കെ. കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പ, സഹവികാരിമാരായ കുര്യാക്കോസ് ഏബ്രഹാം കോര്‍എപ്പിസ്കോപ്പ കറുകയില്‍, ഫാ. കുര്യാക്കോസ് കാലായില്‍, ഫാ. ജെ മാത്യൂ മണവത്ത്, ഫാ. എം.ഐ. തോമസ് മറ്റത്തിൽ ട്രസ്റ്റിമാരായ പി.എ. എബ്രഹാം പഴയിടത്ത് വയലിൽ, വർഗീസ് ഐപ്പ് മുതലുപടിയിൽ, ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, കത്തീഡ്രൽ സെക്രട്ടറി വി.ജെ. ജേക്കബ് വാഴത്തറ എന്നിവർ പെരുന്നാൾ നടത്തിപ്പിന് നേതൃത്വം നൽകി.