കൊച്ചി : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് അഭിവാദ്യമര്‍പ്പിച്ച് ചെങ്ങമനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. ഫ്ലക്സ് സ്ഥാപിച്ച പ്രവര്‍ത്തകനെ സസ്പെന്‍ഡ് ചെയ്യേണ്ട ആവശ്യമില്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. പ്രവര്‍ത്തകന് പറ്റിയത് അബദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഭാരത് ജോഡോ യാത്രാ പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രം വെച്ച സംഭവത്തില്‍ ഐഎന്‍ടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിനായി എറണാകുളം നെടുമ്പാശ്ശേരി അത്താണിയില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡില്‍ സവര്‍ക്കറുടെ ചിത്രവും ഉള്‍പ്പെട്ടത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അബദ്ധം മനസിലായതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തി മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ച് മറച്ചെങ്കിലും, സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. പ്രചാരണ ബോര്‍ഡ് സ്പോണ്‍സര്‍ ചെയ്ത പാര്‍ട്ടി അനുഭാവിക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയില്‍പെട്ടപ്പോള്‍ ഉടന്‍ തിരുത്തിയെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വിശദീകരിച്ചു. ഫ്ലക്സ് പ്രിന്റിങ്ങിനായി ഒരു കടക്കാരനെ ഏല്‍പ്പിക്കുകയും സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രം പതിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ സംഭവിച്ച പിഴവാണ് അതെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം വിശദീകരിക്കുന്നത്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ട ഉടന്‍തന്നെ അത് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി നേതാക്കൾ പറഞ്ഞു.