കോട്ടയം: ആനക്കോട്ടയത്തിന്റെ സ്വന്തം കൊമ്പനായിരുന്ന ഭാരത് വിനോദിന്റെ പോസ്റ്റ്മോർട്ടം അൽപ്പ സമയത്തിനകം നടക്കും. ഇന്ന് പുലർച്ചെ 1:30ന് ചെരിഞ്ഞ ആനയുടെ സംസ്കാര ചടങ്ങുകൾ കുമ്മനത്തെ ഭാരത് ഗ്രൂപ്പിന്റെ ആനത്താവളത്തിൽ വെച്ചാണ് നടക്കുക. രണ്ട് മാസമായിട്ട് പാത രോഗത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു കൊമ്പൻ. സോഷ്യൽ ഫോറെസ്റ്ററി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വൈകിട്ടോടെ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി സംസ്കാരം നടത്താൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനു ശേഷം കൊമ്പുകൾ വനം വകുപ്പ് ഏറ്റെടുക്കും. സംസ്കാരത്തിനായി അനുയോജ്യമായ സ്ഥലം വനം വകുപ്പ് കണ്ടെത്തുമെന്നാണ് സൂചന.
ഏഴ് വർഷം മുമ്പ് കോട്ടയം ഭാരത് ഗ്രൂപ്പിന്റെ ആന കൂട്ടത്തിൽ ചേർന്ന കൊമ്പൻ പിന്നീട് തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അസാമിൽ നിന്ന് വെള്ളിമൺ ഓമനക്കുട്ടൻ പിള്ളയാണ് കൊമ്പനെ കണ്ടെത്തി കേരളത്തിൽ എത്തിച്ചത്. പിന്നീട് കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ഉത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായി മാറിയിരുന്നു ഈ കൊമ്പൻ.