ഭോപ്പാൽ : തൊഴില്‍രഹിതനായ ഭര്‍ത്താവ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റായ ഭാര്യയെ കൊലപ്പെടുത്തി. മദ്ധ്യപ്രദേശില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.മനീഷ് ശര്‍മയാണ് ഭാര്യ നിഷയെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം ഇയാള്‍ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ദിന്‍ദോരി ജില്ലയിലെ ഷാപുരയിലാണ് നിഷയ്ക്ക് നിയമനം ലഭിച്ചത്. തലയിണ ഉപയോഗിച്ച് സ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയത്. നിഷ തന്റെ സര്‍വീസ് ബുക്കിലെയോ ഇന്‍ഷുറന്‍സിന്റേയോ ബാങ്ക് അക്കൗണ്ടിന്റേയോ നോമിനിയായി നിയമിക്കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. പണത്തിന് വേണ്ടി മനീഷ് നിഷയെ ഉപദ്രവിച്ചിരുന്നുവെന്ന സഹോദരി നിലിമയുടെ മൊഴിയാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.
തന്റെ സഹോദരിക്ക് ഒരു അസുഖവും ഇല്ലായിരുന്നുവെന്നും പണത്തിന് വേണ്ടി ഉപദ്രവിക്കുന്നതിനെക്കുറിച്ച് നിഷ പറഞ്ഞിട്ടുണ്ടെന്നും സഹോദരി മൊഴി നല്‍കി. വീട്ടിലെ ജോലിക്കാരെപൊലും നിഷയുടെ മുറിയില്‍ പ്രവേശിക്കാന്‍ മനീഷ് അനുവദിച്ചില്ലെന്നും സഹോദരി പൊലീസിനെ അറിയിച്ചു. ഒരു മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മനീഷും നിഷയും പരിചയപ്പെട്ടത്. ഇവര്‍ തമ്മില്‍ 2020ല്‍ വിവാഹിതരായി. അടുത്ത ബന്ധുക്കളായ തങ്ങളെപ്പോലും വിവാഹക്കാര്യം അറിയിച്ചിരുന്നില്ലെന്നും നിലിമ പറയുന്നു. കൊലപാതകം തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് 45കാരനായ മനീഷിനെ അറസ്റ്റ് ചെയ്തത്. കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിക്കുകയും ഭാര്യക്ക് വൃക്കരോഗമുണ്ടായിരുന്നുവെന്ന് മനീഷ് പറയുകയും ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥയുടെ മരണമായതിനാല്‍ തന്നെ പൊലീസ് ആശുപത്രിയില്‍ എത്തിയിരുന്നു. മനീഷ് പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേട് തോന്നിയ പൊലീസ് സഹോദരിയുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് കൊലപാതകക്കുറ്റം തെളിയിച്ചത്.