ഡല്‍ഹി : വനിതാ പ്രീമിയർ ലീഗ് രണ്ടാം സീസണ് ഫൈനലില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡല്‍ഹി ക്യാപിറ്റല്‍സിന് ഗംഭീരമായ തുടക്കം ലഭിച്ചത് മുതലാക്കാനായില്ല.18.3 ഓവറില്‍ 113 റണ്‍സിന് പുറത്ത്.ശ്രേയങ്ക പാട്ടീല്‍ നാലുവിക്കറ്റ് നേടിയപ്പോള്‍ സോഫീ മൊളീനക്സ് മൂന്നും മലയാളി താരം ആശ ശോഭന രണ്ടും വിക്കറ്റുകള്‍ നേടി.44 റണ്‍സ് നേടിയ ഷഫാലി വർമയാണ് ഡല്‍ഹി നിരയിലെ ടോപ് സ്കോറർ.
ഏഴാം ഓവർവരെ കളി സമ്ബൂർണമായി ഡല്‍ഹിയുടെ വരുതിയിലായിരുന്നു. എട്ടാം ഓവർ എറിയാനെത്തിയ സോഫീ മൊളീനക്സ് കേവലമായ നാല് പന്തുകള്‍ക്കൊണ്ട് ഡല്‍ഹിയുടെ ആധിപത്യത്തിന്റ ചിറകരിച്ചു. ആദ്യ പന്തില്‍ത്തന്നെ തകർപ്പനടികളോടെ കളം വാണ ഷഫാലി വർമയെ പറഞ്ഞയച്ചു. ടീം സ്കോർ 64-ല്‍ നില്‍ക്കേയായിരുന്നു അത്. അതില്‍ 44 റണ്‍സും നേടിയത് ഷഫാലി. കേവലമായ 27 പന്തുകളില്‍ മൂന്ന് സിക്സും രണ്ട് ഫോറും അകമ്ബടി ചേർത്ത ഇന്നിങ്സാണ് അത്. സിക്സിനു പറത്തിയ പന്ത് അതിർവരയ്്ക്ക് അരികത്തുവെച്ച് വെയർഹാമിന്റെ കൈകളില്‍ ഭദ്രമായതോടെ ഷഫാലിക്ക് മടങ്ങേണ്ടി വന്നു. ബാംഗ്ലൂർ അത്രമേല്‍ കൊതിച്ച ആദ്യ വിക്കറ്റ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടുത്തതായി വന്ന ജെമീമ റോഡ്രിഗസ് നേരിട്ട രണ്ടാം പന്തില്‍ത്തന്നെ മടങ്ങി (പൂജ്യം). പിന്നാലെയെത്തിയ അലിസ് കാപ്സി അലസമായ ഷോട്ടിന് ശ്രമിച്ച് പരാജയപ്പെട്ടു. കാപ്സിയും പൂജ്യത്തിന് മടങ്ങിയതോടെ ഡല്‍ഹി ആക്രമണ ശൈലിയില്‍നിന്ന് പ്രതിരോധ ശൈലിയിലേക്ക് മാറാൻ നിർബന്ധിതരായി. ഈ സമയങ്ങളിലൊക്കെ ഒരു വശത്ത് കരുതലോടെ നിലയുറപ്പിച്ചു നില്‍ക്കുകയായിരുന്നു ക്യാപ്റ്റൻ മെഗ് ലാനിങ്. 11-ാം ഓവറിലെ നാലാം പന്തില്‍ ശ്രേയങ്ക പാട്ടീല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി ലാനിങ്ങിനെയും പറഞ്ഞയച്ചു (23 പന്തില്‍ 23 റണ്‍സ്).
പതിന്നാലാം ഓവറിലാണ് പിന്നീട് വിക്കറ്റ് കണ്ടത്. മലയാളി താരം ആശ ശോഭന എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ മരിസാനെ കാപ്പിനെ സോഫി ഡിവൈന്റെ കൈകളിലേക്ക് നല്കി തിരിച്ചയച്ചു. 16 പന്തില്‍ എട്ട് റണ്‍സാണ് സമ്ബാദ്യം. ഒന്നിടവിട്ട പന്തില്ജെസ് ജോനാസ്സനെയും മടക്കിയയച്ചു. ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ കൈകളിലേക്ക് നല്‍കിയായിരുന്നു വിക്കറ്റ് (11 പന്തില്‍ 3 റണ്‍സ്).
പതിനഞ്ചാം ഓവറില്‍ ശ്രേയങ്ക പാട്ടീല്‍ എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ മലയാളി താരം മിന്നു മണി പുറത്തായി. ഇതോടെ ഡല്‍ഹി 87-ല്‍ ഏഴ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. 3 പന്തില്‍ 5 റണ്‍സാണ് മിന്നുമണിയുടെ സംഭാവന. ആശ ശോഭന എറിഞ്ഞ മൂന്നാം ഓവറില്‍ രാധ യാദവും പുറത്തായി. സിംഗിളിനായി ശ്രമിച്ചപ്പോഴായിരുന്നു പുറത്താകല്‍. നേരത്തേ മൂന്ന് വിക്കറ്റ് നേടിയ സോഫി മൊളീനക്സിന്റെ കൈകളില്‍ ലഭിച്ച പന്ത് സ്റ്റമ്പിലേക്കെറിഞ്ഞത് പിഴച്ചില്ല. ഇതോടെ 101-ല്‍ എട്ട്.
പത്തൊൻപതാം ഓവറിലെ അടുത്തടുത്ത പന്തുകളില്‍ യഥാക്രമം അരുന്ധതി റെഡ്ഢിയെയും (10) തനിയ ഭാട്യയെയും (പൂജ്യം) ശ്രേയങ്ക പാട്ടീലും മടക്കി. ശിഖ പാണ്ഡി വിക്കറ്റ് പോവാതെ അഞ്ചുറണ്‍സ് നേടി. ഡല്‍ഹിക്ക് ഇത് രണ്ടാം ഫൈനലാണ്. ആദ്യ സീസണില്‍ മുംബൈ കിരീടം നേടിയപ്പോള്‍ ഡല്‍ഹിയായിരുന്നു എതിരാളികള്‍. ബാംഗ്ലൂരിന് ആദ്യ ഫൈനലാണ്.