കടുത്തുരുത്തി : കടുത്തുരുത്തി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബയോ ഗ്യാസ് പ്ലാന്റില്‍ നിക്ഷേപിക്കാനെത്തിച്ച ഭക്ഷണ മാലിന്യം സ്വകാര്യ വ്യക്തിയുടെ സമീപത്തെ പുരയിടത്തില്‍ വലിച്ചെറിഞ്ഞു. പ്ലാന്റിന്റെ ചുമതലയുണ്ടായിരുന്ന ഹരിതകര്‍മ സേനാംഗങ്ങള്‍ തന്നെയാണ് മാലിന്യം സമീപത്തെ ആള്‍താമസമില്ലാത്ത പുരയിടത്തിലേക്കു മാലിന്യം വലിച്ചെറിഞ്ഞതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. കടുത്തുരുത്തിയില്‍ കഴിഞ്ഞ ദിവസം നടന്ന പരിപാടിക്കു ശേഷം മിച്ചം വന്ന ഭക്ഷണമാലിന്യം കാറ്ററിംഗുകാര്‍ മാര്‍ക്കറ്റിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റിലെത്തിച്ചു നല്‍കിയിരുന്നു.
ഈ മാലിന്യമാണ് പണം വാങ്ങി സ്വീകരിച്ച ശേഷം പുരയിടത്തിലേക്കു വലിച്ചെറിഞ്ഞതായി ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവം വിവാദമായതോടെ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇതേ ആവശ്യവുമായി പഞ്ചായത്തംഗം നോബി മുണ്ടയ്ക്കനും രംഗത്ത് വന്നിട്ടുണ്ട്. ഇതോടെ പഞ്ചായത്ത് കൂലി നല്‍കി പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനായി നിയോഗിച്ചവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഭക്ഷണ മാലിന്യങ്ങള്‍ കിലോയ്ക്കു അഞ്ച് രൂപ നിരക്കില്‍ ഈടാക്കിയാണ് പ്ലാന്റില്‍ സ്വീകരിക്കുന്നത്. ഇത്തരത്തില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ജൈവവളം കിലോയ്ക്കു 15 രൂപ നിരക്കില്‍ വില്‍ക്കുന്നുമുണ്ട്. പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനായി 14 പേരെയാണ് പഞ്ചായത്ത് നിയോഗിച്ചിരിക്കുന്നത്. ദിവസം രണ്ടുപേര്‍ വീതമെന്ന കണക്കിലാണ് ഓരോരുത്തരും ചുമതല വഹിക്കേണ്ടത്. ഒരാള്‍ക്കു ദിവസം 400 രൂപയാണ് കൂലിയായി നല്‍കുന്നത്. രാവിലെ 9.30 മുതല്‍ വൈകൂന്നേരം 4.30 വരെയാണ് ഇവരുടെ ജോലി സമയം. മുമ്പ് പ്ലാന്റില്‍ ജോലി ചെയ്തിരുന്നവരില്‍ മൂന്നുപേരെ കൃത്രിമം കാണിച്ചതു കണ്ടെത്തിയതിനെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇവര്‍ക്കു പകരം ആളെ നിയോഗിക്കുകയും ചെയ്തു. എന്നാലിപ്പോള്‍ പ്ലാന്റിന്റെ ജോലിക്കായി നിയോഗിച്ചവരില്‍ ചിലരാണ് കുഴപ്പക്കാരെന്നും ഇവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. കാറ്ററിംഗുകാര്‍, മത്സ്യ, മാംസ വ്യാപാരികള്‍ എന്നിവരാണ് സ്ഥിരമായി ഇവിടെ മാലിന്യമെത്തിച്ചു നല്‍കുന്നത്. ഇത്തരത്തില്‍ പ്ലാന്റിന് സമീപം മാലിന്യം എത്തിച്ചു നല്‍കുകയും പഞ്ചായത്ത് നിര്‍ദേശിച്ചിരിക്കുന്ന ഫീസും അടച്ചാണ് തൊഴിലുടമകള്‍ മാലിന്യം കൈമാറുന്നത്. വിവാഹം ഉള്‍പെടെയുള്ള ചടങ്ങുകള്‍ നടക്കുമ്പോള്‍ കൂടിയ അളവില്‍ മാലിന്യം ഇവിടെ എത്തുന്നുണ്ട്.
എന്നാല്‍ അളവില്‍ കൃത്രിമം കാണിച്ചു പഞ്ചായത്തിന് ലഭിക്കേണ്ട തുകയില്‍ തിരിമറി നടക്കുന്നതായി ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ഓരോ ദിവസവും കൃത്യമായ കണക്കുമായി പ്ലാന്റില്‍ വാങ്ങുന്ന പണം പഞ്ചായത്തോഫീസില്‍ അടച്ചു രസീത് വാങ്ങണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ഇപ്പോള്‍ പ്ലാന്റില്‍ വാങ്ങിയ മാലിന്യമാണ് സ്വകാര്യ പുരയിടത്തിലേക്കു വലിച്ചെറിഞ്ഞ സംഭവം ഉണ്ടായിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പഞ്ചായത്തംഗം നോബി മുണ്ടയ്ക്കന്‍ ആവശ്യപെട്ടു.