കൊച്ചി: 3000 കിലോ രാസലഹരി വസ്തുക്കളുമായി രാജ്യാന്തര സംഘം മുക്കിയ കപ്പൽ വീണ്ടെടുക്കുക ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ വലിയ ദൗത്യം. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടയായി ഇത് മാറുമെന്ന സൂചനകൾ ഉണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്നു സംഘങ്ങളോട് നേരിട്ട് മുട്ടാൻ തന്നെയാണ് നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി)യുടെ നീക്കം.
അറബിക്കടലിലെ രാസലഹരി, ആയുധക്കടത്തു സംഘങ്ങളെ പൂട്ടാുകയാണ് ‘ഓപ്പറേഷൻ സമുദ്രഗുപ്ത’യുടെ ലക്ഷ്യം. ഇതിനിടെയാണ് കപ്പൽ മുക്കിയത്. നാവികസേന കടലിൽ റെയ്ഡ് തുടങ്ങിയപ്പോൾ, 22.22 കിലോമീറ്റർ (12 നോട്ടിക്കൽ മൈൽ) സമുദ്രപരിധിയിലുള്ള ഇന്ത്യയുടെ സവിശേഷ സാമ്പത്തിക മേഖലയ്ക്കു പുറത്തേക്കു കപ്പൽ കൊണ്ടുപോകാനാണ് സംഘം ആദ്യം ശ്രമിച്ചത്. ഇതു വിജയിക്കാതെ വന്നതോടെ, ശ്രീലങ്കയുടെ പതാക വ്യാജമായി സ്ഥാപിച്ചു. എന്നാൽ, പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കപ്പൽ മുക്കിയെന്നാണു അന്വേഷണ ഏജൻസികളുടെ അനുമാനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കപ്പൽ മുക്കി സംഘം തെളിവു നശിപ്പിച്ചില്ലായിരുന്നെങ്കിൽ രാജ്യാന്തര കപ്പലോട്ട നിയമപ്രകാരം പാക്കിസ്ഥാൻ പ്രതിക്കൂട്ടിലാകുമായിരുന്നു. മുക്കിയ കപ്പൽ ഇന്ത്യൻസമുദ്രമേഖലയ്ക്കുള്ളിൽ കണ്ടെത്തി വീണ്ടെടുക്കാൻ കഴിഞ്ഞാൽ കേസിൽ അതു വലിയ നേട്ടമാവും. ലഹരിമരുന്നും പ്രതി സുബൈറും പിടിക്കപ്പെട്ടതു മേഖലയ്ക്കു പുറത്താണെങ്കിൽ ഇന്ത്യയിൽ വിചാരണ നടത്തുക ബുദ്ധിമുട്ടാകും. കേസ് രാജ്യാന്തര കോടതിക്കു കൈമാറേണ്ടി വരും.
നാവിക സേന പിടികൂടിയ പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ സ്വദേശി സുബൈറിന്റെ മൊഴികളിലും കപ്പൽ മുങ്ങിയത് 200 നോട്ടിക്കൽ മൈലിനു (370 കിലോമീറ്റർ) പുറത്താണെന്നു സ്ഥാപിക്കാനാണു ശ്രമം. പാക്ക് ക്രിമിനൽ സിൻഡിക്കറ്റായ ഹാജി സലിം നെറ്റ്‌വർക്കാണ് ലഹരി കടത്തിന് പിന്നിൽ. നേവൽ ഇന്റലിജൻസിനു രഹസ്യവിവരം ലഭിക്കുമ്പോൾ ലഹരി വഹിക്കുന്ന പാക്കിസ്ഥാൻ ചരക്കുകപ്പൽ ഗുജറാത്ത് പുറംകടൽ താണ്ടി തെക്ക്കിഴക്ക് ദിശയിൽ ലക്ഷദ്വീപ് ലക്ഷ്യമാക്കിയാണു നീങ്ങിയിരുന്നത്.
എന്നാൽ നാവികസേന പിൻതുടരുന്ന വിവരം പാക്ക് കപ്പലിനു ലഭിച്ചതായി അതിന്റെ പിന്നീടുള്ള വേഗതയും ഇന്ത്യൻ തീരത്തു നിന്നു 200 നോട്ടിക്കൽ മൈലിനു പുറത്തുള്ള രാജ്യാന്തര കപ്പൽ ചാലിലേക്കു നീങ്ങാൻ കാണിച്ച വ്യഗ്രതയും സൂചിപ്പിക്കുന്നു. ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സങ്കേതങ്ങൾ കപ്പലിലുണ്ടായിരുന്നതായും സംശയിക്കുന്നു.
പാക്കിസ്ഥാൻ ഡ്രഗ് കാർട്ടലുകളായ ഹാജി സലിം, ഹാജി മുസ്തഫ, ഹാജി മെലങ്ക നെറ്റ്‌വർക്കുകളാണു അറബിക്കടലിനെ ലോകത്തെ ഏറ്റവും വിപുലമായ ലഹരിമരുന്നു റൂട്ടാക്കി മാറ്റിയത്. ഇതിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ഏറ്റവും അധികം രാസലഹരികൾ കടത്തുന്നത് ഹാജി സലിം നെറ്റ്‌വർക്കാണ്. അഫ്ഗാനിസ്ഥാനിലെ ഓപ്പിയം (കറപ്പ്) പാടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഓർഗാനിക്ക് ലഹരി പദാർഥങ്ങളും പാക്കിസ്ഥാനിലെ ഡ്രഗ് ലാബുകളിൽ കുക്ക് ചെയ്യുന്ന രാസലഹരിയുമാണ് കടൽ വഴി കൂടുതലായി കടത്തുന്നത്.
പാക്കിസ്ഥാൻ പോർട്ടുകളിൽ നിന്നും ഇറാനിലെ മക്രാൻ പോർട്ടിൽ നിന്നുമാണു സമീപകാലത്ത് ഇന്ത്യൻ നാവിക സേന റെയ്ഡ് ചെയ്തു പിടികൂടിയ ലഹരി മരുന്നുകൾ കടത്തിക്കൊണ്ടു വന്നത്. മദർഷിപ്പുകളിൽ പുറംകടലുകളിൽ എത്തുന്ന ലഹരിമരുന്നു വലിയ ബോട്ടുകളിൽ ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കു കടത്തും. ഇറാൻ, ശ്രീലങ്കൻ ബോട്ടിലാണ് ഇന്ത്യൻ മഹാസമുദ്രം കടത്തുക. ഗുജറാത്തിലെ മുദ്ര, കൊച്ചി, വിഴിഞ്ഞം പ്രദേശങ്ങളുടെ തീരക്കടൽ ഇത്തരം ലഹരി കൈമാറ്റങ്ങളുടെ ഹോട്ട് സ്‌പോട്ടുകളാണ്. കരവഴിയുള്ള ലഹരി നീക്കം ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ അതിർത്തികൾ വഴിയും നേപ്പാൾ, മ്യാന്മർ വഴിയുമാണ്. രാജ്യാതിർത്തികളിൽ ഡ്രോണുകൾ ഉപയോഗിച്ചും ലഹരി കടത്തുന്നുണ്ട്.
അതേസമയം ഈ നെറ്റ്‌വർക്കുമായി ബന്ധപ്പെട്ട ഉന്നതരെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ല. മെത്താംഫെറ്റമിൻ എത്തിച്ച പ്ലാസ്റ്റിക് പെട്ടികളിൽ ഉത്പാദന കേന്ദ്രങ്ങളുടെ അടയാളങ്ങളായി റോളക്‌സ്, ബിറ്റ്‌കോയിൻ മുദ്രകളാണുള്ളത്. ലഹരിപായ്ക്കറ്റുകൾ തയാറാക്കിയത് അതീവ വൈദഗ്ധ്യത്തോടെയെന്ന് എൻസിബി വ്യക്തമാക്കി. പ്ലാസ്റ്റിക് പെട്ടികളിൽ ഈർപ്പത്തെ പ്രതിരോധിക്കാൻ പഞ്ഞിയുൾപ്പെടെ വെച്ച് ഭദ്രമായിട്ടാണ് മെത്താംഫെറ്റമിന്റെ പാക്കിങ്. ദിവസങ്ങളോളം കടലിൽ സൂക്ഷിക്കാവുന്ന വിധം. ഓരോ പെട്ടികൾക്ക് മുകളിൽ ഉത്പാദിപ്പിച്ച കേന്ദ്രങ്ങളുടെ അടയാളമായി മുദ്രകൾ. തേളിന്റെ ചിത്രമടങ്ങിയ മുദ്രയ്ക്ക് പുറമെ ബിറ്റ് കോയിൻ, റോളക്‌സ് മുദ്രകളും പെട്ടിയിൽ. മൂന്നിലേറെ ലഹരിനിർമ്മാണ ലാബുകളിൽ നിർമ്മിച്ചതാണ് ലഹരിമരുനെന്നാണ് നിഗമനം