ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കാളയായി അമേരിക്കയിലെ ആറ് വയസ്സുകാരൻ റോമിയോ ഗിന്നസ് ബുക്ക് റെക്കോർഡ്‌സില്‍ ഇടം പിടിച്ചു.ഒറിഗോണിലെ മൃഗസംരക്ഷണ കേന്ദ്രത്തില്‍ കഴിയുന്ന റോമിയോയ്‌ക്ക് ആറ് അടി 4.5 ഇഞ്ചാണ് ഉയരം. മുൻ റെക്കോർഡ് ജേതാവ് ടോണിയെ മൂന്ന് ഇഞ്ചിനാണ് റോമിയോ മറികടന്നത്. മിസ്റ്റി മൂർ ആണ് റോമിയോയുടെ നിലവിലെ ഉടമ. വലിയ ശരീരമാണെങ്കിലും സൗമ്യ പ്രിയനാണ് റോമിയോ എന്ന് ഉടമ പറയുന്നു.
വെറും 10 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് അവറുശാലയില്‍ തള്ളിയ റോമിയോയെ മൂർ തങ്ങളുടെ സംരക്ഷണ കേന്ദ്രത്തില്‍ എത്തിക്കുന്നത്. ഫാമുകളില്‍ ഇത്തരത്തിലുണ്ടാകുന്ന കാളകളെ അറവുശാലകള്‍ക്ക് നല്‍കാറാണ് പതിവ്. അവയെ വെറും ഉല്‍പ്പന്നമായാണ് കാണുകയെന്നും മൂർ പറയുന്നു. അവന് മെച്ചപ്പെട്ട സാഹചര്യം ഒരുക്കുകയെന്നാതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.അവന്‍റെ ബുദ്ധിയും സംവേദനക്ഷമതയും സൗന്ദര്യവും കാരണം റോമിയോ എന്ന പേര് അവന് വളരെ അധികം യോജിക്കുന്നുവെന്നും മൂർ പറഞ്ഞു. ആപ്പിളും പഴവുമാണ് ഇഷ്ട വിഭവങ്ങള്‍. ധാന്യങ്ങള്‍ കൂടാതെ ദിവസവും 100 പൗണ്ട് (45 കിലോ) പുല്ലാണ് റോമിയോ കഴിക്കുന്നത്. കാളക്കുട്ടന്റെ ഉയരത്തിന് അനുസരിച്ച് പ്രത്യേകം ഷെല്‍ട്ടറുകളും ആവശ്യമാണ്. അതേസമയം മൃഗാശുപത്രികളില്‍ അവനെ പോലുള്ള കാളകളെ കൈകാര്യം ചെയ്യാനുള്ള ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ അവന് സഹായം നല്‍കുന്നത് ബുദ്ധിമുട്ടുള്ളതാണ്. റോമിയോയുടെ പരിപാലനത്തിന് ധനസമാഹരണം നടത്താറുണ്ടെന്നും അവർ പറഞ്ഞു.