പാട്ന: ബീഹാറിലെ ബക്സറിന് സമീപം നോര്‍ത്ത് ഈസ്റ്റ് സൂപ്പര്‍ഫാസ്റ്റ് ട്രെയിൻ പാളം തെറ്റി. അപകടത്തില്‍ നാല് പേര് മരിച്ചു.നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഡല്‍ഹി ആനന്ദ് വിഹാറില്‍ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ഇന്നലെ രാത്രി 9.35ഓടെയാണ് സംഭവം. ട്രെയിനിന്റെ 12 കോച്ചുകളാണ് പാളം തെറ്റിയത്. ബക്സറിന് സമീപമുള്ള രഘുനാഥ്പൂര്‍ സ്റ്റേഷന് സമീപത്ത് വച്ചാണ് ട്രെയിൻ പാളം തെറ്റിയതെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഇതുവഴിയുള്ള പാസഞ്ചര്‍, ഗുഡ്സ് ട്രെയിനുകള്‍ വഴിതിരിച്ചു വിട്ടു തുടങ്ങി. പാളം തെറ്റിയ കോച്ചുകള്‍ ഇവിടെ നിന്ന് മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഇരുവശങ്ങളിലേക്കുമുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
രണ്ട് ട്രാക്കുകളും പാളത്തിന് സമീപമുള്ള നിരവധി വൈദ്യുത തൂണുകളും സിഗ്നല്‍ പോസ്റ്റുകളും അപകടത്തില്‍ തകര്‍ന്നിട്ടുണ്ട്. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായും ദേശീയ ദുരന്ത നിവാരണ സേനയിലെ ഉദ്യോഗസ്ഥരുമായും സംസാരിച്ചതായി കേന്ദ്രമന്ത്രി അശ്വിനി ചൗബെ പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും, ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം ഇന്നലെ രാത്രി തന്നെ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.