ഏറ്റുമാനൂർ: വഴിയിൽ തടസമായി നിന്ന ബൈക്ക് യാത്രക്കാരനെ ക്രൂരമായി മർദിച്ച കേസിൽ കോട്ടയം കാണക്കാരി സ്വദേശിയായ യുവാവിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ കാണക്കാരി ചാത്തമല ഭാഗത്ത് കുഴിവേലിൽ വീട്ടിൽ രാഹുൽ രാജ് (25) ആണ് ഏറ്റുമാനൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് 5.15 മണി സമയത്ത് അതിരമ്പുഴ, കരുവേലി തുമ്പക്കര റോഡിലായിരുന്നു സംഭവം. പ്രതി രാഹുൽരാജ് സഞ്ചരിച്ച സ്കൂട്ടറിന് കടന്നുപോകാൻ സാധിക്കാത്ത വണ്ണം ബൈക്ക് നിർത്തി എന്നാരോപിച്ചാണ് രണ്ടു പേരും തമ്മിൽ തർക്കം ഉണ്ടായത്.
ഇതേ തുടർന്ന് പ്രതി പരാതിക്കാരനെ ചീത്ത വിളിക്കുകയും കയ്യേറ്റം ചെയ്യുകയും, ഹെൽമറ്റ് ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലാണ് ഏറ്റുമാനൂർ പോലീസ് പ്രതിയായ രാഹുൽ രാജനെ അറസ്റ്റ് ചെയ്തത്. എസ് ഐ അഖിൽദേവ്, എ എസ് ഐ ചന്ദ്ര ഭാനു, ഡ്രൈവർ എഎസ്ഐ നജിമോൻ, സിപിഒമാരായ അനിൽകുമാർ, അനീഷ് വി.കെ,സനൂപ്, സാബു, എന്നിവർ അടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുറവിലങ്ങാട്, ഏറ്റുമാനൂർ, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലായി ആറോളം കേസുകളിൽ പ്രതിയാണ് രാഹുൽ രാജ്.