ഇടുക്കി: ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉപ്പുതറ ഒൻപതേക്കർ കോളനി കുളത്തിൻ കാലായിൽ ശ്രീനിവാസന്റെ മകൻ അജിത് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നിരപ്പേൽക്കട പാലാപറമ്പിൽ ജെഫിന് പരിക്കേറ്റു. ഉപ്പുതറയിൽ നിന്നും പരപ്പിലേക്ക് വരുകയായിരുന്ന ഓട്ടോയും പരപ്പിൽ നിന്നും ഉപ്പുതറയിലേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബൈക്കിലിരുന്ന യുവാക്കൾ തെറിച്ച് 50 മീറ്റർ താഴ്ചയുള്ള കുഴിയിലേക്ക് പതിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു പേരെയും പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും അജിത് മരണത്തിന് കീഴടങ്ങുകയായിരുന്നു. ജെഫിൻ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.