കൊച്ചി: മോഷ്ടിക്കാനുള്ള പോക്കുവരവിന് വഴിച്ചെലവ്. ഫുഡ് അടിക്കാന്‍ കാശ് വേറെ. ഓപ്പറേഷന് സക്സസാണേല് ഉടന്‍ നല്‍കും 10,000 രൂപ. പിടിക്കപ്പെട്ടാല്‍ ഇറക്കിക്കൊണ്ട് വരുമെന്ന് ഉറപ്പ്! കൊച്ചി സിറ്റി പൊലീസിന്റെ പിടിയിലായ അന്തര്‍സംസ്ഥാന ബുള്ളറ്റ് മോഷണ സംഘത്തവന് തമിഴ്നാട് നാഗര്‍കോവില്‍ സ്വദേശി ഹരേന്തര്‍ ഇര്വിന് എന്ന ഡോ.ബെന്നി തന്റെ സാമ്രാജ്യം കെട്ടിപ്പൊക്കിയത് പണം വീശിയെറിഞ്ഞ്.
വ്യാജ ആയുര്‍വേദ ഡോക്ടറായി കൊച്ചിയില്‍ തമ്ബടിച്ചിരുന്ന ഇര്വിന് നേരിട്ട് മോഷ്ടിക്കില്ല. സ്ഥിരം മോഷ്ടാക്കളെ ഉപയോഗിച്ചായിരുന്നു ഓപ്പറേഷന്. മോഷ്ടിച്ച വാഹനങ്ങള്‍ വില്‍ക്കുന്നതിന്റെ റിസ്ക് ഒഴിവാകുമെന്നതാണ് കള്ളന്മാരും ഡോക്ടര്‍ക്കായി പണിയെടുക്കാന്‍ കാരണം.കൊച്ചിയില്‍ നിന്ന് അടുത്തിടെ അഞ്ച് ബുള്ളറ്റാണ് ഇവര്‍ മോഷ്ടിച്ച് കടത്തിയത്. നാലെണ്ണം വീണ്ടെടുത്തു. ഒരെണ്ണത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. വാഴക്കാല ഭാഗത്ത് ഒരു വീട്ടില്‍ ഡോക്ടര്‍ ബെന്നിയെന്ന പേരിലാണ് ഇര്വിന് വാടകയ്ക്ക് താമസിച്ചിരുന്നത്. കോയമ്ബത്തൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത ഇയാളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടിച്ചെടുക്കുന്ന ബുള്ളറ്റ് ആദ്യമെത്തുക പാലക്കാട് സ്വദേശി വിനോദിന്റെയടുത്താണ്. വിനോദ് എന്ജിന്, ചെയ്സിസ് നമ്ബറുകള്‍ മാറ്റും. അപ്പോഴേക്കും ഇര്വിന് വ്യാജ ആര്.സി.ബുക്കും മറ്റ് രേഖകളും തയ്യാറാക്കിയിട്ടുണ്ടാകും. പിന്നെ ബുള്ളറ്റ് കോയമ്ബത്തൂര്‍ എത്തിക്കും. ഒ.എല്‍.എക്സ് വഴിയാണ് വില്പന. കഴിഞ്ഞ എട്ടിന് ഒലവക്കോട് ഭാഗത്ത് വച്ച് മോഷണ സംഘത്തില്‍ പെട്ട തമിഴ്നാട് സ്വദേശി ശിവകുമാറും ഒലവക്കോട് സ്വദേശി വിനോദും അറസ്റ്റിലായിരുന്നു. ഇവരില്‍ നിന്നാണ് ഡോക്ടറെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
ഒറ്റനോട്ടത്തില്‍ പുലിയാണെങ്കിലും ബുള്ളറ്റ് എളുപ്പം മോഷ്ടിക്കാന്‍ പറ്റുമെന്നാണ് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞത്. പത്ത് ബുള്ളറ്റുകളിലൊന്ന് വ്യാജ താക്കോലില്‍ സിമ്ബിളായി അണ്ലോക്കാകുമത്രേ. വിറ്റാല്‍ പണവും കിട്ടുമെന്നതാണ് മറ്റൊരു കാര്യം. കൊച്ചിയില്‍ നിന്ന് അധികം ബുള്ളറ്റ് ഇവര്‍ മോഷ്ടിച്ചിട്ടില്ലെന്നാണ് മൊഴി.