ഡല്‍ഹി : ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗ കേസിലെ കുറ്റവാളികളെ ജയില്‍ മോചിതരാക്കിയതിനെതിരായ ഹര്‍ജികളില്‍ അന്തിമ വാദം ആരംഭിക്കുന്ന തിയ്യതി സുപ്രീംകോടതി പ്രഖ്യാപിച്ചു. ആഗസ്റ്റ് ഏഴ് മുതല്‍ അന്തിമ വാദം കേള്‍ക്കുമെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
2002ലെ ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവിനെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതും അവരുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്തതും. കേസില്‍ ശിക്ഷിക്കപ്പെട്ട 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ പ്രകാരം വിട്ടയക്കുകയായിരുന്നു. ബില്‍ക്കീസ് ബാനു ഉള്‍പ്പെടെയുള്ളവരാണ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.എല്ലാ പ്രതികള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹര്‍ജികളില്‍ ആഗസ്റ്റ് ഏഴ് മുതല്‍ അന്തിമ വാദം കേള്‍ക്കും. കേസിലെ എല്ലാ കക്ഷികള്‍ അവരുടെ പ്രതികരണം സംഗ്രഹിച്ച് അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബില്‍ക്കീസ് ബാനുവിന് പുറമെ, സിപിഎം മുന്‍ എംപി സുഭാഷിണി അലി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
ഒരു പ്രത്യേക സമുദായത്തോടുള്ള വിദ്വേഷം കാരണമായി മനുഷ്യത്വ രഹിതമായ അക്രമമാണ് 2002ലെ സംഭവം. ഇതിലെ പ്രതികളെ വിട്ടയക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ബില്‍ക്കീസ് ബാനു ബോധിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 15നാണ് മുഴുവന്‍ പ്രതികളെയും ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. പിന്നീട് ഇവര്‍ക്ക് വിഎച്ച്‌പി ഓഫീസില്‍ സ്വീകരണം നല്‍കിയിരുന്നു.